വർക്കല : സമൂഹത്തിൽ വർഗീയതയുടെയും അന്ധവിശ്വാസ, അനാചാരങ്ങളുടെയും ഇരുൾ പകരുമ്പോൾ സർഗ്ഗസൃഷ്ടികളിലൂടെ അതിനെ പ്രതിരോധിക്കാൻ കഴിയണമെന്ന് പ്രശസ്ത സിനിമാ സീരിയൽ നടൻ ചെറുന്നിയൂർ ബാബു അഭിപ്രായപ്പെട്ടു.
യുവകലാസാഹിതി വർക്കല മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് വർക്കല റ്റി.എ മജീദ് സ്മാരക ഹാളിൽ (പെരുമ്പുഴ ഗോപാലകൃഷ്ണൻ നഗർ) വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ തലമുറയാണ് രാഷ്ട്രഭാവിയുടെ കരുത്ത്, മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ പുതുതലമുറയെ പിടികൂടാൻ ഭരണകൂട ശക്തികൾ പാഠപുസ്തകത്തെയും ചരിത്രത്തെയും തിരുത്തുമ്പോൾ വിദ്യാർഥികളും സമൂഹവും കൂടുതൽ ജാഗ്രതയോടെ നിലകൊള്ളേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. സൃഷ്ടിപരമായ കഴിവ് പരിപോഷിപ്പിക്കുവാനുള്ള യുവകലാസാഹിതി യുടെ ശ്രമങ്ങൾ മാതൃകാപരമാണെന്നും നല്ല പൗരന്മാരായി വളരാൻ കലാസാഹിത്യ പ്രവർത്തനങ്ങൾ സഹായകരമാകുമെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവകലാസാഹിതി വർക്കല മണ്ഡലം പ്രസിഡന്റ് ഷോണി ജി. ചിറവിള അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അയിരൂർ കെ. സുജാതൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ. ബാലകൃഷ്ണൻ, ജി. മനോഹർ, കെ. സുരേന്ദ്രൻ, മുബാറക്ക് റാവുത്തർ എന്നിവർ സംസാരിച്ചു. മണ്ഡലം എക്സിക്യൂട്ടീവ് അംഗം റാബിയ. എം നന്ദി പറഞ്ഞു.