ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി വേനലവധി ക്യാമ്പ് ആരംഭിച്ചു.
നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ‘അയാം ദി സൊല്യൂഷൻ’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി നാലു ദിവസം നീണ്ടു നിൽക്കുന്നതാണ് ക്യാമ്പ്. രാവിലെ 7 മണി മുതൽ വൈകിട്ട് 5.30 വരെ നടക്കുന്ന ക്യാമ്പിൽ സീനിയർ, ജൂനിയർ വിഭാഗത്തിലെ 88 കേഡറ്റുകളാണ് പങ്കെടുക്കുന്നത്. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിടുന്ന സുസ്ഥിര ഉപഭോഗം ലക്ഷ്യമിട്ടു കൊണ്ടുള്ള വിവിധ സെഷനുകളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ഏറ്റെടുത്തു നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും നഗരസഭ അധ്യക്ഷ നിർവ്വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് റ്റി.എൽ.പ്രഭൻ, എസ്എംസി ചെയർമാൻ കെ.ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജിഎൽ.നിമി, അധ്യാപകരായ ഉണ്ണിത്താൻ രജനി, ആർഎസ്. ലിജിൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ എൻ.സാബു, കെഎസ്.അജി, ഡ്രിൽ ഇൻസ്ട്രക്ടർ എം.അജയകുമാർ എന്നിവർ പങ്കെടുത്തു.