വെട്ടൂരിൽ മോഷണം പതിവാകുന്നു, മാരകായുധങ്ങളുമായി സംഘം വാതിൽ പൊളിച്ചു അകത്തു കടക്കാൻ ശ്രമം

eiNRZYN86848

വെട്ടൂർ ഗ്രാമപഞ്ചായത്തിലെ മരക്കടമുക്ക്, കയറ്റാഫിസ്, ഇളപ്പിൽ പ്രദേശങ്ങളിൽ ഭവനഭേദനവും മോഷണവും തുടർക്കഥയായെന്നു പരാതി. കഴിഞ്ഞദിവസം പുലർച്ചെ ഒന്നര മണിയോടെ കയറ്റാഫിസ് ജംഗ്ഷനിലെ ഡോ.ബിനോയിയുടെ വീടിന്റെ വാതിലുകൾ തകർത്ത് മോഷണം നടത്താനുള്ള ശ്രമം അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വിഫലമായി. മുന്നംഗ യുവാക്കളുടെ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മോഷണം നടന്ന ദിവസം വീട്ടിൽ ആളുണ്ടായിരുന്നില്ല. ഡോക്ടർ ബിനോയിയുടെ വൃദ്ധയായ മാതാവാണ് സാധാരണ വീട്ടിൽ ഉള്ളത്. തലേദിവസം വൈകിട്ട് ഇവർ മകനോടൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയിരുന്നു. നാട്ടുകാർ മോഷ്ടാക്കളെ കാണുകയും ബഹളം വയ്ക്കുകയും ചെയ്തതോടെയാണ് മോഷണശ്രമം പരാജയപ്പെടുന്നത്. ഇതേ മോഷണ സംഘത്തിൽ ഉള്ളവർ തന്നെയാണ് മരക്കട മുക്കിലെയും വീട്ടിൽ കയറി മോഷണം നടത്തിയിട്ടുള്ളത് എന്നാണ് വർക്കല പോലീസിന്റെ നിഗമനം.

വാതിൽ വെട്ടി പൊളിക്കുന്നതിനായി കുന്താലിയും പിക്കാസും ഉൾപ്പെടെയുള്ള സാധനസാമഗ്രികളും മറ്റ് മാരകായുധങ്ങളും കയ്യിൽ കരുതിയാണ് പ്രദേശത്ത് മോഷ്ടാക്കൾ വിഹരിക്കുന്നത് എന്നത് നാട്ടുകാരിൽ പരിഭ്രാന്തി വളർത്തിയിട്ടുണ്ട്.

ഇളപ്പിൽ ജമാഅത്ത് പള്ളിയുടെ കാണിക്കവഞ്ചി പൂർണ്ണമായും അടിച്ചു തകർത്ത് പണം അപഹരിച്ച
സംഭവവും നടന്നിട്ട് ആഴ്ചകൾ പിന്നിടുമ്പോഴാണ് വീണ്ടും പ്രദേശത്ത് മോഷണം തുടർക്കഥയാകുന്നത്.
വർക്കല പൊലീസിന്റെ അടിയന്തര ശ്രദ്ധയും ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് കൈരളി റസിഡന്റ്സ് അസോസിയേഷനും പ്രദേശവാസികളും ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!