ഇക്കഴിഞ്ഞ മാര്‍ച്ച് 19 ന് പെയ്ത വേനല്‍ മഴയിലും കാറ്റിലും ആര്യനാട് പറണ്ടോട് സ്വദേശി ദിലീപ് കുമാറിന്റെ കൃഷിയിടത്തിലുണ്ടായിരുന്ന മുന്നൂറോളം വാഴകളാണ് നശിച്ചത്. ഇതിനു പിന്നാലെ ആര്യനാട് കൃഷി ഓഫീസര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാര്‍ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന ‘കരുതലും കൈത്താങ്ങും’അദാലത്തിനെക്കുറിച്ച് ദിലീപ് കുമാര്‍ അറിയുന്നതും പരാതി സമര്‍പ്പിക്കുന്നതും. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പരാതി മന്ത്രിമാര്‍ പരിശോധിക്കുകയും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. നെടുമങ്ങാട് താലൂക്കുതല അദാലത്ത് വേദിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ ചേര്‍ന്ന് ദിലീപ് കുമാറിനുള്ള അടിയന്തരസഹായമായ 8,800 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കൈമാറി. മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നത് പോലെ, നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എത്തിയ, അവസാനത്തെയാളിന്റെയും പരാതികള്‍ കേട്ടശേഷമാണ് അദാലത്ത് അവസാനിച്ചത്. നേരത്തെ ലഭിച്ച 3101 പരാതികള്‍ക്ക് പുറമെ 743 അപേക്ഷകള്‍ കൂടി ഇന്ന് പരിഗണിച്ചു. പുതുതായി ലഭിച്ച പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.