അഞ്ചു വയസുകാരിയായ മകള്‍ ജാന്‍സിയെ ‘അമ്മ’ എന്ന് വിളിച്ചു തുടങ്ങിയത് ഇപ്പോഴാണ് . ഇനിയും അവള് നന്നായി സംസാരിക്കണമെന്നാണ് ബോണക്കാട് സ്വദേശിയായ ജാന്‍സിയുടെ ആഗ്രഹം. ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി മലയോര മേഖലയില്‍ നിന്നും നഗര പ്രദേശങ്ങളില്‍ എത്തുന്നത് ജാന്‍സിയെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടാണ്. ചെറിയ വരുമാനത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് ഈ യാത്ര ചിലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണ്. കെ.എസ്.ആര്.ടി.സി യില്‍ സൗജന്യ ബസ് യാത്ര പാസ് ലഭിക്കാനായാണ് ജാന്‍സി തന്റെ മകളെയും കൂട്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര് അനിലിന്റെ അരികിലെത്തിയത്. ഇവര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു മന്ത്രിയുടെ സമീപനം. പരാതിയില്‍ എത്രയും വേഗം നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. നിലവില്‍ കുട്ടിക്ക് ഹാഫ് ടിക്കറ്റാണ് ഈടാക്കുന്നത്. എന്നാല്‍ അത് പോലും താങ്ങാന്‍ ആവാത്ത അവസ്ഥയിലാണ് കുടുംബം. കുട്ടിക്കും ജാന്‍സിക്കും സൗജന്യ യാത്ര പാസ് ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് പരിഹരിക്കുന്നതോടെ മകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാകും.