കരം ഒടുക്കാന്‍ കഴിയാതെ സര്‍ക്കാരില്‍ നിന്നുള്ള പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് കഴിയുകയായിരുന്നു പെരിങ്ങമ്മല ഇടിഞ്ഞാര്‍ നാല് സെന്റ് കോളനിയിലെ ബേബിയും മോഹനനും. കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ മോഹനനും ബേബിയും ഉള്‍പ്പെടെ 16 കുടുംബങ്ങള്‍ക്കാണ് വസ്തുകരം ഒടുക്കിയ രസീത് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി. ആര്‍ അനിലും കൈമാറിയത്.
‘ഞാനെന്റെ പുരയിടം വില്‍ക്കില്ല, ഇതെന്റെ കരമടച്ച രസീതാണ്, ഇങ്ങനെ പറയുമ്പോള്‍ ബേബിയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. രണ്ട് പെണ്‍മക്കള്‍ അടങ്ങുന്ന ബേബിയുടെ കുടുംബം വര്‍ഷങ്ങളായി ഇടിഞ്ഞാര്‍ നാല് സെന്റ് കോളനിയിലാണ് താമസം.
പെരിങ്ങമ്മല സ്വദേശിയായ മോഹനനും കരമടച്ച രീതിയില്ലാത്തതിനാല്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. അദാലത്ത് വേദിയില്‍ കരംമടച്ച രസീത് ലഭിച്ചപ്പോള്‍ മോഹനനും സന്തോഷം. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നിര്‍ദ്ദേശാനുസരണം ഉദ്യോഗസ്ഥര്‍ ഇടിഞ്ഞാര്‍ കോളനിയിലെത്തുകയും അടിയന്തരമായി നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായാണ് 16 കുടുംബങ്ങള്‍ക്ക് അദാലത്തില്‍ വസ്തുകരം നല്‍കാനായത്.