കരുതലും കൈത്താങ്ങും അദാലത്തിൽ നൽകിയ പരാതി വെറുതെയായില്ല, സുജാതക്കും മക്കൾക്കും ഇനി അടച്ചുറപ്പുള്ള മേൽക്കൂരയുള്ള വീട്ടിൽ അന്തിയുറങ്ങാം. പ്രകൃതിക്ഷോഭത്തിൽ വീട് ഭാഗികമായി നശിച്ച സുജാതയ്ക്ക് അദാലത്ത് വേദിയിൽ 61800 രൂപ അനുവദിച്ചുള്ള ഉത്തരവ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൈമാറി. 2021 മെയ് മാസത്തിലെ കാറ്റിലും മഴയിലുമാണ് വെന്നിക്കോട് അകത്തുമുറി സ്വദേശിയായ സുജാതയുടെ ആകെ ഉണ്ടായിരുന്ന വീട് ഭാഗികമായി നശിച്ചത്. ശക്തമായ കാറ്റിൽ ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര പറന്നു പോയി.
കൊറോണ കാലമായതിനാൽ തന്നെ കൂലിപ്പണിക്കാരനായ സുജാതയുടെ ഭർത്താവ് സന്തോഷിന് വീട് പുതുക്കി പണിയാനുള്ള പണം കണ്ടെത്താനായില്ല. വിദ്യാർത്ഥികളായ രണ്ടു മക്കളെയും കൊണ്ട് മേൽക്കൂര നഷ്ടമായ വീട്ടിൽ ജീവിക്കുക ഏറെ പ്രയാസകരമായിരുന്നു. തുടർന്ന് ടാർപോളിൻ കൊണ്ട് വീടിന്റെ മേൽക്കൂര മറയ്ക്കുകയും താമസം തുടരുകയുമായിരുന്നു.
അടുത്തിടെയാണ് സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തിനെപ്പറ്റി സുജാത അറിയുന്നത്. തുടർന്ന് പ്രകൃതിക്ഷോഭത്തിൽ വീടിന് നാശനഷ്ടം സംഭവിച്ചത് കാട്ടി അപേക്ഷ നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി അനുഭാവപൂർവം പരിഗണിക്കുകയും അർഹമായ ധനസഹായം അനുവദിക്കുകയുമായിരുന്നു. മഴപെയ്താൽ മക്കളെയും കൊണ്ട് നനയാതെ സുരക്ഷിതമായി താമസിക്കാൻ വീടിന്റെ മേൽക്കൂര പുതുക്കി പണിയുമെന്നും വേഗത്തിൽ തന്റെ പരാതി തീർപ്പാക്കിയതിൽ സന്തോഷമുണ്ടെന്നും സുജാത പറഞ്ഞു.