40 വർഷത്തെ പ്രവാസ ജീവിതത്തിൽ നേടിയ സമ്പാദ്യം കൊണ്ടാണ് ചാത്തൻപാറ സ്വദേശി വിജയകുമാർ എന്ന 62 കാരൻ ഒരു കെട്ടിടം പണിയുന്നത്. പിന്നീടുള്ള ജീവിതത്തിന്റെ വരുമാനമാർഗം കൂടി കണക്കിലെടുത്താണ് ഉള്ളതെല്ലാം ചിലവാക്കി ഒരു വലിയ കെട്ടിടം പണിയുന്നത്. ഏറെ പ്രതീക്ഷയോടെയായിരുന്നു വിജയ കുമാർ കെട്ടിടം പണിതത്. എന്നാൽ കെട്ടിടവുമായി ബന്ധപ്പെട്ട ചില സാങ്കേതിക പിഴവുകൾ കൊണ്ടു കെട്ടിട നമ്പർ കിട്ടാത്തതിനാൽ അദ്ദേഹം ആത്മഹത്യയുടെ വക്കിലായിരുന്നു. വിജയ കുമാറിന്റെ കെട്ടിടത്തിലാണ് വർക്കല താലൂക്കിലെ റേഷൻ കടകളിലേക്ക് എത്തിക്കേണ്ട ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗൺ ഉൾപ്പെടുന്നത്. ഒരു ഭാഗത്തു FACT ന്റെ സ്റ്റോക്ക് പോയിന്റാണ്. മറ്റൊരു ഭാഗം മിനി ഹാളായും പ്രവർത്തിക്കുകയാണ്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികൾ മൂലം മുന്നോട്ടുള്ള ജീവിതം തന്നെ ചോദ്യ ചിഹ്നമായി നിൽക്കുന്ന സ്ഥിതിയിലാണ് ഈ പ്രവാസി മലയാളി തന്റെ കെട്ടിടങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യവുമായി വർക്കല, താലൂക്ക് തല അദാലത്തിലേക്ക് വരുന്നത്. ആത്മഹത്യയുടെ വക്കിൽ നിന്നും പ്രവാസിയും വയോവൃദ്ധനുമായ വിജയകുമാറിന് താങ്ങായിരിക്കുകയാണ് സർക്കാർ. പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിജയ കുമാറിന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഏറെക്കാലമായി തന്നെ അലട്ടിയിരുന്ന പ്രശ്നത്തിന് കരുതലും കൈത്താങ്ങും അദാലത്തിൽ പരിഹാരം കണ്ടതിൻ്റെ നന്ദിയും സന്തോഷവും പ്രകടിപ്പിച്ചാണ് വിജയകുമാർ മടങ്ങിയത്.