ജന്മനാ അംഗപരിമിതയായി ജനിച്ച വർക്കല ചെറുന്നിയൂർ സ്വദേശി സ്മിതക്ക് കരുതലും കൈത്താങ്ങുമായി മാറിയിരിക്കുകയാണ് വർക്കല താലൂക്ക് അദാലത്ത്. ചെറുന്നിയൂർ ജംഗ്ഷനിൽ സ്വന്തം വീടിനു മുന്നിലായി സ്മിതയ്ക്ക് എന്തെങ്കിലും കച്ചവടം തുടങ്ങാനായി ഒരു കെട്ടിടം നിർമ്മിച്ചിരുന്നു. നിർമ്മിച്ച കെട്ടിടത്തിന് റോഡിൽ നിന്നുള്ള അകലം കൃത്യമല്ല എന്ന കാരണം കോണ്ട് കെട്ടിട നമ്പർ കിട്ടാത്ത അവസ്ഥ നിലനിൽക്കുകയായിരുന്നു. കെട്ടിട പെർമിറ്റിന്റെ പ്രശ്നപരിഹാരം കാണണമെന്ന ആവശ്യമാണ് സ്മിത ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനു മുന്നിൽ അവതരിപ്പിച്ചത്. ഉദ്യോഗസ്ഥരെ ഉടനടി വിളിച്ച് പ്രശ്നത്തിന് മന്ത്രി പരിഹാരം കാണുകയായിരുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ നൂലാമാലകളിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് സ്മിതയും കുടുംബവും അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.