വർഷങ്ങളായി കെട്ടിക്കിടന്ന പതിനായിരക്കണക്കിന് പരാതികൾ താലൂക്കുതല അദാലത്തിലൂടെ പരിഹരിക്കാനായി: മന്ത്രി ജി.ആർ അനിൽ

IMG-20230511-WA0021

വർഷങ്ങളായി വിവിധ വകുപ്പുകളിൽ കെട്ടിക്കിടന്ന പതിനായിരക്കണക്കിന് അപേക്ഷകളും പരാതികളും സമയബന്ധിതമായി പരിഹരിക്കാൻ താലൂക്കുതല അദാലത്തിലൂടെ കഴിഞ്ഞതായി ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. താലൂക്കുതല അദാലത്തിൽ ലഭിക്കുന്ന പുതിയ പരാതികൾ 15 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും ഇതിനായി ജില്ലയിലെ മന്ത്രിമാർ നേരിട്ട് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്കുതലത്തില്‍ മന്ത്രിമാർ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിന്റെ കാട്ടാക്കട താലൂക്കുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻ നിശ്ചയിച്ച സമയത്ത് പരാതി സമർപ്പിക്കാൻ കഴിയാത്തവർക്ക് അദാലത്ത് വേദിയിൽ അതിനുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അദാലത്തിലെത്തിയ അവസാനയാളിന്റെയും പരാതികൾ തീർപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്ന ചടങ്ങിൽ പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യ പ്രഭാക്ഷണം നടത്തി. ജനങ്ങൾക്ക് നീതി ലഭിക്കാൻ നിയമങ്ങൾ തടസമാകുമെങ്കിൽ നീതിക്ക് മുന്നിൽ നിയമം വഴി മാറുമെന്ന് മന്ത്രി പറഞ്ഞു. ജി. സ്റ്റീഫൻ എം.എൽ.എ. അധ്യക്ഷനായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ , ഐ ബി സതീഷ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം അനിൽ ജോസ് ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!