അന്ധനായ അച്ഛൻ വെൻസിലാസിന്റെ കൈപിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി വിനിൽ കാട്ടാക്കട താലൂക്കുതല അദാലത്തിന് എത്തിയത് തങ്ങളുടെ കുടുംബത്തിന്റെ ഏറെ കാലമായുള്ള ഒരു ആവിശ്യം മന്ത്രിമാരെ നേരിൽ കണ്ട് അറിയിക്കാൻ ആയിരുന്നു. അച്ഛൻ വെൻസിലാസിന് ലോട്ടറി കച്ചവടം തുടങ്ങാൻ സാമ്പത്തിക സഹായം അനുവദിക്കണം, വിനിൽ പറഞ്ഞു. സർക്കാരിൽ നിന്ന് ലഭിക്കുന്ന വികലാംഗ പെൻഷൻ മാത്രമാണ് രണ്ട് ആൺമക്കളും ഭാര്യയും അടങ്ങുന്ന വെൻസിലാസിന്റെ കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ നഴ്സിങ്ങ് വിദ്യാർഥിയായ മൂത്ത മകൻ ഉൾപ്പെടുന്ന കുടുംബത്തിന്റെ ചെലവുകൾക്ക് ഒരു ഉപജീവനമാർഗം കൂടി ആവശ്യമായി വന്നതോടെയാണ് ലോട്ടറി കച്ചവടം തുടങ്ങാം എന്ന തീരുമാനത്തിലേക്ക് വെൻസിലാസ് എത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വെൻസിലാസിന് ലോട്ടറി കച്ചവടത്തിനുള്ള മൂലധനം കണ്ടെത്തുക എന്നത് ഏറെ പ്രയസകരമാണ്. അങ്ങനെയിരിക്കയാണ് മൂന്ന് മന്ത്രിമാർ നേരിട്ട് എത്തി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിനെപ്പറ്റി അറിയുന്നതും ഏപ്രിലിൽ ഓൺലൈൻ അദാലത്തിൽ അപേക്ഷിക്കുന്നതും. അപേക്ഷ പരിഗണിച്ചതോടെ ഇളയ മകന് ഒപ്പം അദാലത്തിനെത്തിയ വെൻസിലാസിന് പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് പ്രശ്നം ബോധിപ്പിക്കാൻ കഴിഞ്ഞു. പ്രശ്നം കേട്ടറിഞ്ഞ മന്ത്രി ലോട്ടറി കച്ചവടം തുടങ്ങാനുള്ള സാമ്പത്തിക സഹായം അനുവദിക്കുകയും ഉടനടി സഹായം കൈമാറാനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ആരെയും ആശ്രയിക്കാതെ സ്വന്തമായൊരു ഉപജീവനമാർഗ്ഗം എന്ന വെൻസിലാസിന്റെ വലിയ സ്വപ്നമാണ് താലൂക്ക് തല അദാലത്തിൽ മന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെ സഫലമായത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ വച്ച് സംഘടിപ്പിച്ച അദാലത്തിലൂടെ വെൻസിലാസിനെ പോലെ ആയിരക്കണക്കിന് ആളുകളുടെ പ്രശ്നങ്ങൾക്കാണ് പരിഹാരമായത്.