മുപ്പത് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് മംഗലത്ത്കോണം സ്വദേശികളായ റോബിൻസൺ – അംബിക ദാമ്പതികളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ്. സംസാരശേഷിയില്ലാത്ത റോബിൻസൺ സ്വന്തമായുള്ള 13 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിനായി വിവിധ ഓഫീസുകൾ കയറിയിറങ്ങി. സാങ്കേതിക തടസങ്ങൾ കാരണം പട്ടയം നൽകാൻ സാധിച്ചിരുന്നില്ല. വീട്ടുജോലിക്കാരിയായ അംബികയുടെയും ഡ്രൈവറായ മകന്റെയും വരുമാനം കൊണ്ട് മാത്രമാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഇവരുടെ വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ പരിഹാരം നൽകി കാട്ടാക്കട താലൂക്ക്തല അദാലത്ത്. സ്വന്തമായി വീട് എന്നത് ഇവർക്ക് ഇന്നലെ വരെ സ്വപ്നം മാത്രമായിരുന്നു. പട്ടയം ലഭിച്ചതോടെ ഈ സ്വപ്നവും വൈകാതെ സാധ്യമാകുമെന്ന സന്തോഷത്തിലാണ് റോബിൻസണും അംബികയും.
കുറ്റിച്ചൽ നെല്ലിക്കുന്ന് കോളനിയിൽ താമസക്കാരായ വൃദ്ധ ദമ്പതികൾ ബാബുവും ലീലയും കിടപ്പാടം ഉൾപ്പെടുന്ന നാല് സെന്റ് ഭൂമിക്കും പട്ടയമായി. തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കുന്നത് ഒരിക്കലും സാധ്യമാകില്ലെന്ന ദുഃഖത്തിൽ കഴിഞ്ഞ ഈ കുടുംബത്തിന് തണലായത്തും താലൂക്ക്തല അദാലത്താണ്.
രോഗിയായ ജഗദേവന്റെ ജീവിതത്തിലും പുതു പ്രതീക്ഷകൾ ഉണരുകയാണ്. ക്യാൻസറിനൊപ്പം ക്ഷയരോഗവും പിടിപെട്ട ജഗദേവനും ഭാര്യ മോളികുമാരിക്കും സ്വന്തം ഭൂമിക്കുള്ള പട്ടയവും അദാലത്തിൽ വിതരണം ചെയ്തു.