2011 ലാണ് ഇഎം എസ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചാംകോട് സ്വദേശിയും ഭിന്നശേഷിക്കാരനുമായ അപ്പുക്കുട്ടന് ആര്യൻകോട് പഞ്ചായത്ത് വീട് അനുവദിച്ചത്. പലരിൽ നിന്നും കടം വാങ്ങി വീട് പണി പൂർത്തിയാക്കി.
പല തവണയായി 1,37,000 രൂപ പഞ്ചായത്തിൽ നിന്നും ഇവർക്ക് നൽകി. ബാക്കി തുകയായ 64,000 രൂപ നൽകാൻ ഫണ്ടിന്റെ അഭാവം മൂലം പഞ്ചായത്തിന് സാധിച്ചില്ല. അദാലത്തിനെ കുറിച്ചറിഞ്ഞ അപ്പുകുട്ടൻ തന്റെ പ്രശ്നത്തിന് ശാശ്വത പരിഹാരം തേടിയാണ് എത്തിയത്. അക്ഷയകേന്ദ്രം വഴി പരാതി മുൻകൂറായി നൽകി. അപ്പുക്കുട്ടന്റെ പരാതി പരിഗണിച്ച് ഫണ്ട് ലഭ്യമാകുന്ന പക്ഷം രണ്ട് മാസത്തിനുള്ളിൽ കുടിശിക തുക പൂർണമായും നൽകാൻ മന്ത്രി വി. ശിവൻകുട്ടി പഞ്ചായത്തിന് നിർദ്ദേശം നൽകി. വർഷങ്ങളുടെ കഷ്ടതകൾക്ക് നിമിഷ നേരത്തിൽ പരിഹാരം നേടിയ സന്തോഷത്തിലായിരുന്നു അപ്പുക്കുട്ടന്റെ മടക്കം.