സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയുടെ പ്രചാരണാര്‍ത്ഥം തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വിളംബര ജാഥ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ കൂടി പര്യടനം പൂർത്തിയാക്കി. തിരുവനന്തപുരം മണ്ഡലത്തിലെ പര്യടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പേട്ട ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് വട്ടിയൂർക്കാവ്, വാമനപുരം മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തി. എന്റെ കേരളം പ്രദര്‍ശന വിപണന ഭക്ഷ്യ മേളയുടെ സന്ദേശവും കഴിഞ്ഞ രണ്ട് വര്‍ഷം അതാത് മണ്ഡലങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അടങ്ങിയ വീഡിയോ പ്രദർശനവും ജാഥയുടെ ഭാഗമായി നടന്നു. വി. കെ പ്രശാന്ത് എം. എൽ. എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും വിവിധ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. ഇന്ന് ( മെയ് 13) പാറശാല മണ്ഡലത്തിലെ വിളംബരജാഥയുടെയും വീഡിയോ പ്രദർശനത്തിന്റെയും ഉദ്ഘാടനം സി കെ ഹരീന്ദ്രൻ എം എൽ എ രാവിലെ പത്ത് മണിക്ക് നിർവഹിക്കും. തുടർന്ന് പതിനൊന്ന് മണിക്ക് നെയ്യാറ്റിൻകര മണ്ഡലത്തിൽ കെ അൻസലൻ എം. എൽ. എയും വൈകുന്നേരം നാലിനു കാട്ടാക്കട മണ്ഡലത്തിൽ ഐ. ബി സതീഷ് എം എൽ എയും പങ്കെടുക്കും.