വിതുര: മലയോരമേഖലയിലെ രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരം കാണാനായി കെ.എസ്.ആർ.ടി.സി പുതിയ സർവീസുകൾൾക്ക് തുടക്കം കുറിച്ചു. വിവിധ ഡിപ്പോകളുമായി ബന്ധിപ്പിച്ച് മൂന്ന് സൂപ്പർഫാസ്റ്റ് ബസുകളാണ് കഴിഞ്ഞ ദിവസം മുതൽ സർവീസ് ആരംഭിച്ചത്. അതേസമയം നിറുത്തലാക്കിയ സർവീസുൾ കൂടി പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഡിപ്പോകളിൽ വേണ്ടത്ര ബസുകൾ ഇല്ലാത്തതിനാൽ പ്രധാന റൂട്ടുകളിൽപോലും മതിയായ സർവീസുകളില്ല. കൊവിഡ് കാലത്ത് മിക്ക ഡിപ്പോകളിൽ നിന്നും ബസുകൾ പിൻവലിച്ചിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞശേഷം ഡിപ്പോകൾ തുറന്നെങ്കിലും നിറുത്തലാക്കിയ സർവീസുകളിൽ പുനരാരംഭിച്ചിട്ടില്ല.ഇതിനാൽ ആദിവാസി മേഖലകളിൽ പോലും രൂക്ഷമായ യാത്രാദുരിതമാണ് നേരിടുന്നത്. രാത്രികാല സർവീസുകളിൽ മിക്കതും നിലച്ചതുമൂലം യാത്രക്കാർഅനുഭവിക്കുന്ന ദുരിതവും ചില്ലറയല്ല. അതേസമയം കൊവിഡ് കാലത്ത് നിറുത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കുന്നത്.നിലവിലെ സ്ഥിതി തുടർന്നാൽ സ്കൂൾതുറക്കുന്നതോടെ യാത്രാദുരിതം ഇരട്ടിയാകും.