അനന്തപുരിയുടെ രാവുകളെ സംഗീത സാന്ദ്രമാക്കാൻ ‘എന്റെ കേരളം’മെഗാമേള

FB_IMG_1684382064848

തലസ്ഥാനനഗരിയുടെ സായന്തനങ്ങൾ ഇനി സംഗീതത്തിന്റെ മാസ്മരിക പ്രകടനങ്ങൾക്ക് കാതോർക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായ എന്റെ കേരളം മെഗാ പ്രദർശന വിപണന ഭക്ഷ്യ മേളയിൽ അനന്തപുരിയെ കാത്തിരിക്കുന്നത് പകരം വയ്ക്കാനില്ലാത്ത കലാവിരുന്നുകളാണ്. ഉദ്ഘാടനദിനം മുതൽ ആസ്വാദകർക്കായി ഒരുങ്ങുന്നത് വൈവിധ്യങ്ങളുടെ സർഗവസന്തമാണ്. ആദ്യ ദിനമായ മെയ് 20 വൈകീട്ട് 7.30ന് കനകകുന്ന് നിശാഗന്ധിയിൽ മലയാളികളുടെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്നോടെ ആവേശപൂരത്തിന് ആരംഭമാകും. പിന്നണി ഗായകരായ മൃദുല വാര്യർ, അഞ്ജു ജോസഫ്, റഹ്മാൻ എന്നിവരും വേദിയിൽ അണിനിരക്കും.


രണ്ടാം ദിവസമായ മെയ് 21ന് യുവാക്കളുടെ ഹരമായ ഉറുമി ബാൻഡിന്റെ അത്യുജ്ജ്വല പ്രകടനം അരങ്ങേറും. മെയ് 22ന് നാടൻപാട്ടിന്റെ വശ്യശീലുമായി ശാസ്താംകോട്ട കനൽ ബാൻഡും നാലാം ദിവസമായ മെയ് 23ന് വൈകീട്ട് 7 മണിക്ക് രൂപാ രേവതിയും സംഘവും അവതരിപ്പിക്കുന്ന ഇന്ത്യൻ ഫ്യൂഷൻ വിത്ത് വയലിൻ സംഗീതപരിപാടിയും നടക്കും. മെയ് 24ന് വൈകീട്ട് 6.30ന് പിന്നണിഗായിക അപർണ രാജീവ് നയിക്കുന്ന സംഗീത പരിപാടിയും തുടർന്ന് വിവിധ സംഗീത ഉപകരണങ്ങൾ കോർത്തിണക്കിയ ഗോൾഡൻ വോയിസ് ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ആസ്വാദകർക്ക് മുന്നിലെത്തും. മെയ് 25ന് പിന്നണി ഗായിക രാജലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും, മെയ് 26ന് ഭദ്ര റെജിൻ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതപരിപാടിയുമുണ്ടാകും. മേളയുടെ സമാപനദിവസമായ മെയ് 27ന് പാട്ടുകളിലൂടെയും ഇടയ്ക്കുള്ള പറച്ചിലുകളിലുടെയും ശ്രദ്ധേയരായ ഊരാളി ബാൻഡ് ‘പാട്ടും പറച്ചിലുമായി’ ആസ്വാദക ഹൃദയം കീഴടക്കാനെത്തും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ആഘോഷമേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!