അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബർ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് രാവിലെയോടെ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ദ്രുതഗതിയിൽ മണൽ നീക്കം ചെയ്യുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. ട്രഡ്ജിങ് ആരംഭിക്കുന്നതിന് മുന്നോടിയായി അദാനി ഗ്രൂപ്പ് പുലർച്ചയോടെ രണ്ട് കൂറ്റൻ മണ്ണ് മാന്തി യന്ത്രങ്ങൾ മുതലപ്പൊഴിയിൽ എത്തിച്ചിരുന്നു.
മുതലപ്പൊഴി അഴിമുഖത്ത് നിലവിൽ 70 മീറ്റർ നീളത്തിൽ 50 മീറ്റർ വീതിയിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് നാല് മീറ്ററോളം താഴ്ചയിൽ നീക്കം ചെയ്യുകയാണ് ലക്ഷ്യം. അഴിമുഖത്തുനിന്നും നീക്കം ചെയ്യുന്ന മണൽ പെരുമാതുറ ഭാഗത്ത് നിക്ഷേപിക്കുവാനാണ് തീരുമാനം.
അഴിമുഖത്തെ മണൽ നീക്കുവാനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യം ശക്തമായതോടെ, കഴിഞ്ഞ ദിവസം ഫിഷറീസ് ഡെപ്യൂട്ടി ഡിറക്ടർ മുതലപ്പൊഴി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്ന് ഉടനടി മണൽ നീക്കുവാനുള്ള പ്രവർത്തികൾ ആരംഭിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡിറക്ടർ നിർദ്ദേശം നൽകിയിരുന്നു. നിർദ്ദേശത്തിന്റെ ഭാഗമായി ശനിയാഴ്ചമുതൽ പൂർണ്ണതോതിൽ ട്രഡ്ജ്ജിങ് ആരംഭിക്കുവാനായിരുന്നു തീരുമാനം, ഇതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ മുതലപ്പൊഴിയിൽ ദ്രുതഗതിയിൽ നടന്നുവരുന്നത്.