തരിശ് നിലങ്ങളെ ഹരിതാഭമാക്കാൻ തയാറെടുത്ത് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ സമൃദ്ധി- തരിശു രഹിത ബ്ലോക്ക് പദ്ധതി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ആനാട് പുത്തൻപാലത്തിന് സമീപം തരിശായി കിടന്ന ഭൂമിയിൽ മന്ത്രി ജി.ആർ അനിൽ, ഡി. കെ മുരളി എം.എൽ.എ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ഒന്നിച്ച് പച്ചക്കറി തൈകൾ നട്ടു കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. ഇത്തരം പദ്ധതികളിലൂടെ ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദനരംഗത്ത് കേരളത്തെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. തരിശ് രഹിത ഭൂമിയെന്ന പദ്ധതിയിലൂടെ വലിയൊരു പരിശ്രമമാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. തരിശ്ഭൂമി ഇല്ലാതാക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും പദ്ധതി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജനകീയാസൂത്രണ പദ്ധതി 2022-23ൽ ഉൾപ്പെടുത്തിയാണ് സമൃദ്ധി- തരിശു രഹിത ബ്ലോക്ക് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിനൊട്ടാകെ മാതൃകയാകുന്ന രീതിയിൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആനാട്, കരകുളം, വെമ്പായം, പനവൂർ, അരുവിക്കര ഗ്രാമപഞ്ചായത്തുകളുടെ തരിശുഭൂമിയാണ് കൃഷിക്കായി ഉപയോഗിക്കുക. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാവും യോജിച്ച വിളകൾ കൃഷിചെയ്യുക.
ഡി.കെ മുരളി എം.എൽ.എ അധ്യക്ഷനായിരുന്നു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.