എന്റെ കേരളം മെഗാ മേളയിലെത്തുന്നവർക്ക് സാങ്കേതിക വിദ്യയുടെ പുത്തൻ അനുഭവം സമ്മാനിച്ച് ജെൻബോട്ട്, ബാൻഡികൂട്ട് എന്നീ രണ്ട് കിടിലൻ റോബോട്ടുകൾ. അത്യാധുനിക മൾട്ടി പർപസ്സ് റോബോട്ട് ആയ ജെൻബോട്ട്, വർക്കിംഗ് പ്രോട്ടോടൈപ്പും 2018 മുതൽ തിരുവനന്തപുരത്തിന്റെ പ്രിയപ്പെട്ട റോബോട്ടുമായ ബാൻഡികൂട്ടും ആണ് കാണികളുടെ ഹൃദയം കീഴടക്കുന്നത്.
കാര്യവട്ടം ടെക്നോപാർക്ക് ആസ്ഥാനമായുള്ള ജെൻറോബോട്ടിക്‌സ് ഇന്നോവേഷൻസ് കമ്പനിയുടെതാണ് രണ്ട് റോബോട്ടുകളും. കമ്പനിയുടെ ഏറ്റവും പുതിയ ഉത്പന്നമാണ് ജെൻബോട്ട്. ഏതു മേഖലയിലും ഉപയോഗിക്കാൻ കഴിയുന്ന ജൻബോട്ടുകളെ താരമാക്കുന്നത് ആണവ നിലയങ്ങൾ, അഗ്നിപർവതങ്ങൾ തുടങ്ങി മനുഷ്യന് എത്തിച്ചേരാൻ സുരക്ഷിതമല്ലാത്ത ഇടങ്ങളിലെ ഉപയോഗമാണ്. കഠിനമായ ചുറ്റുപാടുകളിൽ വിദൂരമായി പ്രവർത്തിപ്പിക്കാനാകുന്ന രീതിയിലാണ് ജൻബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. കാഴ്ചക്കാരുടെ മികച്ച പ്രതികരണം കൂടിയായതോടെ എത്രയും വേഗം ജൻബോട്ടിനെ വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
മാൻഹോൾ, പിറ്റ് ഹോൾ ക്ലീനിങ്ങിനായി ഉപയോഗിക്കുന്ന റോബോട്ടാണ് ബാൻഡികൂട്ട്. 2018 മുതൽ തലസ്ഥാന നഗരിയുടെ വിശ്വസ്തനായ സേവകനാണ് ബാൻഡികൂട്ട്. കേരള വാട്ടർ അതോറിറ്റിക്ക് കീഴിൽ മൂന്ന് ബാൻഡികൂട്ട് റോബോട്ടുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. പ്രവർത്തന മികവിനാൽ കേരളം മുഴുവൻ വ്യാപകമാകാൻ ഒരുങ്ങുകയാണ് ബാൻഡികൂട്ട്. സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായി 2017 ൽ രൂപം കൊണ്ട ജെൻറോബോട്ടിക്സ് ഇന്നവേഷൻസ്, മികച്ച സ്റ്റാർട്ടപ്പിനുള്ള നാഷണൽ അവാർഡ് ജേതാക്കളുമാണ്.