ഇനി ഫ്രീയായി ഫേഷ്യൽ ചെയ്യാം; എന്റെ കേരളം മെഗാ മേളയിലെത്തൂ

IMG-20230522-WA0087

മുഖം മിനുക്കാൻ എന്റെ കേരളം മെഗാ മേളയിൽ അവസരമൊരുക്കി ആയുർവേദ വകുപ്പ്. കനകക്കുന്നിൽ എത്തിയാൽ ഈ വേനൽ കാലത്ത് വെയിലേറ്റ് മുഖം മങ്ങുന്നവർക്ക് സൗജന്യമായി ഫേഷ്യൽ ചെയ്യാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രാധാന്യം നൽകുന്നവർക്ക് ഒത്തിരി അറിവും നിരവധി സേവനങ്ങളുമാണ് ആയുർവേദ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്.

വിപുലമായ ആയുർവേദ കോസ്‌മെറ്റോളജി ഒ.പിയാണ് എന്റെ കേരളം മെഗാ പ്രദർശന മേളയിലുള്ളത് . കോസ്‌മെറ്റോളജി കോർണറിൽ എത്തുന്നവർക്ക് സൗജന്യമായി കമ്പ്യൂട്ടറൈസ്ഡ് കേശ ത്വക് രോഗ നിർണയം, ത്വക്കിന്റെയും മുടിയുടെയും ഘടന നിർണയം, യൗവനം നിലനിർത്തുന്നതിനുള്ള ചികിത്സ, അരിമ്പാറയും ഉണ്ണിയും കരിച്ചു കളയൽ, മുടി വളരാനുള്ള ചികിത്സ എന്നിവ ലഭ്യമാണ്.

കൂടാതെ കാണികൾക്ക് അറിവ് നൽകുന്നതിനായി ഔഷധ പെട്ടിയും മില്ലറ്റ് പെട്ടിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലപ്പന, ശതാവരി, തക്കോലം തുടങ്ങി നമ്മൾ ഇതുവരെ കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ ഒട്ടനവധി ഔഷധങ്ങളാണ് ഔഷധ പെട്ടിയിൽ കാണികൾക്കായി നിറച്ചിരിക്കുന്നത്. മാത്രമല്ല വിവിധതരം മില്ലറ്റുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. മില്ലറ്റുകൾ ശരിയായി കണ്ടെത്തുന്നവർക്ക് സമ്മാനവും ആയുർവേദ വകുപ്പ് നൽകുന്നുണ്ട്.

ഇതിനുപുറമെ ആയുർവേദ രുചി പെരുമ വിളിച്ചോതുന്ന ആയുർവേദ രുചി കോർണറിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ അവിടെയുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്താൽ വിശദമായ പാചക കുറിപ്പ് നമ്മുടെ കൈയിൽ ലഭ്യമാകും. ഇതോടൊപ്പം ലൈവ് കുക്കിംഗ് വിഡിയോയും ഉണ്ട്. ഇതിനെല്ലാം പുറമെ ലൈഫ് സ്റ്റൈൽ ക്ലിനിക്കും ജീവിത ശൈലി രോഗ നിർണയ ക്ലിനിക്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആയുർവേദ സസ്യങ്ങളുടെ പ്രദർശനവും കാണാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!