എന്റെ കേരളം പ്രദർശന വിപണന മേളയിലെ വനം വകുപ്പിന്റെ സ്റ്റാളിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്ത് ഒരു കുട്ടി കൊമ്പനെ കാണാം. വേണമെങ്കിൽ ഒപ്പം നിന്നൊരു സെൽഫിയുമെടുക്കാം. ഉള്ളിലേക്ക് കടക്കുമ്പോൾ വീണ്ടും കൗതുകമുണർത്തി വേരിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ശില്പം. പ്രകൃതിദേവി എന്ന് പേരു നൽകിയിരിക്കുന്ന ഈ ശില്പത്തിന് മുന്നിലും ഫോട്ടോയെടുക്കാൻ നല്ല തിരക്കാണ്. പ്രത്യേകിച്ച് മേളയ്ക്കെത്തുന്ന കുട്ടികൾക്കാണ് പ്രകൃതി ദേവിയോട് കൂടുതൽ പ്രിയം. ഭൂമിയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഇലകളും വള്ളികളും പടർപ്പുകളും ചുറ്റിപിണഞ്ഞാണ് ശില്പത്തിന്റെ മാതൃക.
വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെയും വന്യ ജീവി ആക്രമണത്തിൽ ജീവഹാനിയോ പരിക്കോ സംഭവിച്ചാൽ നഷ്ട പരിഹാരം ലഭിക്കുന്നത് സംബന്ധിച്ചു അപേക്ഷ നൽകാനുള്ള വിവരങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ ‘ സർപ്പ ‘ ആപ്പിനെ കുറിച്ചുള്ള വിശദാംശങ്ങളും മേളയിലുണ്ട്. ഇക്കോ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി മാർഗനിർദേശങ്ങളും ഒരുക്കിയിട്ടുണ്ട്.
കേരള വനം -വന്യ ജീവി വകുപ്പിന്റെ വിപണന സ്റ്റാളായ വനശ്രീയും മേളയിലുണ്ട്. വൻതേൻ, ചെറുതേൻ, കുടമ്പുളി, കസ്തൂരി മഞ്ഞൾ, കുരുമുളക്, പുൽതൈലം, മറയൂർ ശർക്കര, രക്തചന്ദന പൊടി തുടങ്ങിയവയും വനശ്രീ സ്റ്റാളിൽ ലഭ്യമാണ്.