കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്റെ വീട്ടില്‍ വിജിലൻസ് റെയ്ഡ്.
മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്താണ് റെയ്ഡ് നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സുരേഷ് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടികൂടിയത്.
റെയ്ഡില്‍ 35 ലക്ഷം രൂപയും 17 കിലോ നാണയവും പിടിച്ചെടുത്തു. ഇതുകൂടാതെ, 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ വിവരങ്ങളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയുടെ സേവിംഗ്സ് ഉണ്ടെന്നും മൊഴിയുണ്ട്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.5 കോടി രൂപ കണ്ടെടുത്തതായാണ് വിവരം. ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്. മണ്ണാര്‍ക്കാട് വെച്ച് സുരേഷ് കുമാറിന്‍റെ കാറില്‍ വെച്ചായിരുന്നു പണം കൈമാറിയത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
സുരേഷ് കുമാറിന്റെ കുടുംബ വീട്ടിലും വിജിലൻസ് റെയ്ഡ് നടക്കുകയാണ്. തിരുവനന്തപുരം ഊരൂട്ടമ്ബലം ഗോവിന്ദമംഗലത്തെ വീട്ടിലാണ് വിജിലൻസ് റെയ്ഡ്. തിരുവനന്തപുരം മലയൻകീഴ് സ്വദേശിയാണ് സുരേഷ് കുമാര്‍.
പാലക്കയം വില്ലേജ് പരിധിയില്‍ 45 ഏക്കര്‍ സ്ഥലമുള്ള മഞ്ചേരി സ്വദേശിയാണ് ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. വില്ലേജ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ സുരേഷ് കുമാറിന്റെ കൈവശമാണ് ഫയല്‍ എന്നറിഞ്ഞു. സുരേഷ് കുമാറിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
പണവുമായി മണ്ണാര്‍ക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളജില്‍ എത്താനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് മഞ്ചേരി സ്വദേശി പാലക്കാട് വിജിലൻസിനെ വിവരം അറിയിച്ചിരുന്നു