കല്ലമ്പലം: നാവായിക്കുളത്ത് വിരണ്ടോടി പരിഭ്രാന്തി പരത്തിയ പോത്തിനെ മയക്ക് വെടി വെച്ച് പിടികൂടി. നാവായിക്കുളം ഡീസന്റ്മുക്കിൽ ആണ് സംഭവം. ഡീസന്റ് മുക്ക് കല്ലുവിള സ്വദേശി സുബൈറിന്റെ ഉടമസ്ഥതയിൽ ഉള്ളത് ആണ് പോത്ത്. മൂന്ന് ദിവസം മുമ്പ് ആണ് ഇദ്ദേഹം ഈ പോത്തിനെ വാങ്ങിയത്. സമീപത്തുള്ള കളി സ്ഥലത്തിന് സമീപം മേയുവാൻ പാകത്തിൽ കെട്ടിയിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച കളിക്കുവാൻ എത്തിയ കുട്ടികളുടെ ബഹളം കേട്ട് പോത്ത് വിരണ്ടു. വെപ്രാളത്തിന് ഇടയിൽ കഴുത്തിൽ കെട്ടിയിരുന്ന കയർ ഊരി. പോത്ത് റബ്ബർ തോട്ടത്തിലേക്ക് ഓടി. നാട്ടുകാർ പിന്നാലെ ഓടി എങ്കിലും പിടികൂടുവാൻ കഴിഞ്ഞില്ല. പിന്നീട് ഏത് ഭാഗത്തേക്ക് പോയി എന്നറിയാതെ തിരച്ചിൽ നിർത്തി. ബുധനാഴ്ച വീണ്ടും റോഡിലും ജനവാസ മേഖലയിലും എത്തിയ പോത്ത് പൊതു ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വിരണ്ടോടിയ പോത്തിനാൽ നിരവധി ഇരു ചക്ര വാഹനങ്ങളും കൃഷി വിളകളും നശിപ്പിക്കപ്പെട്ടു. നാട്ടുകാർ ആശങ്കയിൽ ആവുകയും തുടർന്ന് ഫയർഫോഴ്സിന്റെ സഹായം തേടുകയും ആയിരുന്നു.
ഫയർഫോഴ്സ് എത്തുകയും നാട്ടുകാർക്ക് ഒപ്പം ചേർന്നു പോത്തിനെ പിന്തുടരുകയും ചെയ്തെങ്കിലും കുരുക്കിട്ട് പിടിക്കുവാൻ ഉള്ള ശ്രമം പരാജയപ്പെട്ടു. ഉച്ചയോടെ വനം വകുപ്പിന്റെ സഹായം തേടി. തുടർന്ന് കൊല്ലത്ത് നിന്നുള്ള എലിഫന്റ് സ്ക്വാഡ് അംഗങ്ങൾ സ്ഥലത്ത് എത്തി മയക്ക് വെടി വെച്ച് പോത്തിനെ നിയന്ത്രണത്തിൽ ആക്കി. ഇതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കക്ക് അറുതി ആയത്.