250 ലധികം ശീതീകരിച്ച സ്റ്റാളുകൾ
വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ വിപണന സ്റ്റാളുകൾ
നാളെ നിശാഗന്ധിയിൽ ഊരാളി ബാൻഡിന്റെ പാട്ടും പറച്ചിലും
തിരുവനന്തപുരത്തുകാര്‍ക്ക് പുത്തന്‍കാഴ്ചകളും വൈവിധ്യമാര്‍ന്ന രുചികളും ആഘോഷരാവുകളും സമ്മാനിച്ച എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ (മെയ് 27) കൊടിയിറങ്ങും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കനക്കുന്നില്‍ നടക്കുന്ന മേള മെയ് 20ന് മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരാണ് ഉദ്ഘാടനം ചെയ്തത്. പൂര്‍ണമായും ശീതീകരിച്ച സ്റ്റാളുകളില്‍ സജ്ജീകരിച്ചിരിക്കുന്ന മേള ആദ്യദിനം മുതല്‍ തന്നെ വന്‍ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. പി.ആര്‍.ഡി സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന 360 ഡിഗ്രീ സെല്‍ഫീ ക്യാമറയില്‍ സെല്‍ഫിയെടുക്കാനും കേരള പോലീസ് പവലിയനിലെ ആയുധങ്ങള്‍ കാണാനും സ്ത്രീസുരക്ഷാ പരിശീലനത്തില്‍ പങ്കെടുക്കാനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളില്‍ പോലീസിന്റെ ഡോഗ് ഷോ കാണാനും ജയില്‍ വകുപ്പിന്റെ പ്രത്യേക പവലിയന്‍ സന്ദര്‍ശിക്കാനും നീണ്ടനിരയും കാണാം. മേളയിലെത്തുന്നവരുടെ മറ്റൊരു ഫേവറിറ്റ് സ്‌പോട്ടാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പവലിയന്‍. സ്വാതന്ത്ര്യത്തിന് മുമ്പുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് മുതല്‍ ഒന്നേമുക്കാല്‍ കോടിയുടെ അത്യാധുനിക ഇലക്ട്രിക് കാര്‍ വരെ ഇവിടെയുണ്ട്. സ്വന്തമായി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കുള്ള സഹായങ്ങള്‍ നല്‍കാനും സംശയദൂരീകരണത്തിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, വ്യവസായ വകുപ്പ് തുടങ്ങിയവരുടെ സ്റ്റാളുകളും സജീവമാണ്.
സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ അവസരമൊരുക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ചെറുകിട സംരംഭകരുടെയും നേതൃത്വത്തില്‍ നിരവധി വിപണന സ്റ്റാളുകളും മേളയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സപ്ലൈക്കോ എക്‌സ്പ്രസ് മാര്‍ട്ടില്‍ നിന്നും കുറഞ്ഞ നിരക്കിൽ സാധനങ്ങള്‍ വാങ്ങിയവരും ഹാപ്പിയാണ്. ജില്ലയിലെ തനത് രുചികൾക്കൊപ്പം അയൽ ജില്ലകളിലെ രുചികൾ കൂടി വിളമ്പിയ ഫുഡ് കോർട്ട് മേളയുടെ പ്രധാന ആകർഷണമാണ്. കുടുംബശ്രീയുടെ ഏഴ് യൂണിറ്റുകളും മിൽമ ,ഐ ടി ഡി പി, ഫിഷറീസ്, ജയിൽ, കെ ടി ഡി സി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓരോ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ സൂര്യകാന്തി ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന സർവീസ് സ്‌റ്റാളുകളിൽ ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും തെറ്റുതിരുത്തുന്നതിനുമുൾപ്പെടെയുള്ള സേവനങ്ങളും ലഭ്യമാണ്. മേളയിലെ അക്ഷയ കേന്ദ്രത്തില്‍ ആധാറിലെ മൊബൈല്‍ നമ്പര്‍ പുതുക്കല്‍, അഞ്ച്,15
വയസുകളിലുള്ള നിര്‍ബന്ധിത ആധാര്‍ പുതുക്കല്‍ എന്നീ സേവനങ്ങളുമുണ്ട്. 14 സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ തത്സമയ സേവനങ്ങളാണ് സൗജന്യമായും വേഗത്തിലും ഇവിടെ ലഭ്യമാകുന്നത്. വൈകുന്നേരങ്ങളിൽ നിശാഗന്ധിയിൽ നടക്കുന്ന സാംസ്കാരിക പരിപാടിയും ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇന്ന് (മെയ് 26) ഭദ്ര റെജിൻ ബാൻഡും നാളെ (മെയ് 27) ഊരാളി ബാൻഡും നിശാഗന്ധിയിൽ സംഗീതപരിപാടി അവതരിപ്പിക്കും. കനകക്കുന്നിൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേള. പ്രവേശനം പൂർണമായും സൗജന്യമാണ്. മേളയിലെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സമീപത്തെ വാട്ടർ അതോറിറ്റി കോംപ്ലക്സിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.