അരുവിക്കര മണ്ഡലത്തിലെ ആദ്യ കെ-സ്റ്റോർ തൊളിക്കോട് പഞ്ചായത്തിൽ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ചായം വാർഡിലെ മാങ്കാട് പ്രവർത്തിക്കുന്ന 389 നമ്പർ പൊതുവിതരണ കേന്ദ്രത്തെയാണ് കെ-സ്റ്റോറാക്കി മാറ്റിയത്.
റേഷൻ കടകളുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയുമാണ് കെ-സ്റ്റോർ വഴി ലക്ഷ്യമിടുന്നത്. റേഷൻ ഉത്പന്നങ്ങൾക്ക് പുറമേ, ശബരി-മിൽമ ഉത്പന്നങ്ങൾ, പഞ്ചായത്ത്, വില്ലേജ്, സപ്ലൈ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കുള്ള ഓൺലൈൻ സേവനങ്ങൾ, 10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, വൈദ്യുതി ബിൽ, വാട്ടർ ബിൽ അടക്കമുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾ, അഞ്ച് കിലോഗ്രാം തൂക്കമുള്ള ഛോട്ടു പാചക വാതക സിലിണ്ടറുകൾ എന്നിവയെല്ലാം കെ-സ്റ്റോറിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കും.
മാങ്കാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷ് അധ്യക്ഷനായി.