മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ഒന്നാമതായി വർക്കല ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തെന്ന ഖ്യാതി ഇനി വർക്കല ബ്ലോക്ക് പഞ്ചായത്തിന് സ്വന്തം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം സമ്പൂർണ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം നടത്തി. പഞ്ചായത്തിന് കീഴിലെ ചെറുന്നിയൂർ, ഇടവ, ചെമ്മരുതി, മണമ്പൂർ, വെട്ടൂർ, ഒറ്റൂർ, ഇലകമൺ ഗ്രാമപഞ്ചായത്തുകൾ മാലിന്യമുക്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. നവകേരളം കർമ്മപദ്ധതിയുടെ വലിച്ചെറിയൽ മുക്ത ക്യാമ്പയിനിന്റെ ഭാഗമായാണ് മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾ നടന്നത്. പ്രഖ്യാപനത്തോടനുബന്ധിച്ച് പുത്തൻ ചന്ത ജംഗ്ഷനിൽ നിന്നും വിളംബര ജാഥയും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സ്മിതാ സുന്ദരേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.