Search
Close this search box.

കഥകളുടെ എഴുത്താപ്പ യാത്രയായി- രാധാകൃഷ്ണൻ കുന്നുംപുറം

eiYHRD276072

“എല്ലാ കഥകളും നീണ്ടുപോകുമ്പോൾ മരണത്തിലവസാനിക്കുന്നു. അത് മാറ്റി നിർത്തി കഥപറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല. ” ഹെമിംഗ്‌വേ

ലോക പ്രശസ്തനായ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ വാക്കുകൾ മരണം ജീവിതത്തെ എങ്ങനെ കടന്നാക്രമിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നു. യുവകഥാകാരനും പത്രപ്രവർത്തകനുമായ സുനിൽ കൊടുവഴന്നൂർ അന്ത്യയാത്രാ നേരത്ത് ആ വാക്കുകൾ അറിയാതെ ഓർത്തു പോകുന്നു. ഒട്ടേറെ സവിശേഷതകൾ ജീവിതത്തിലുടനീളം കാത്തുവച്ച ഒരാൾ. എഴുതാൻ വല്ലാതെ കൊതിച്ച കൂട്ടുകാരൻ. ആഗ്രഹിച്ചതിന്റെ പകുതി പോലും എഴുതിവയ്ക്കാതെ, ഓരോ കഥയെയും മനസ്സിലിട്ട് താലോലിച്ച കഥാസ്നേഹി. “എഴുത്താപ്പ ” എന്ന കഥാസമാഹാരത്തിലൂടെ പുതുതലമുറയിലെഏത്കഥാകൃത്തിനൊപ്പവുമിരിക്കാൻ കഴിയുന്നവനെന്ന് വായനക്കാർ സമ്മതിച്ച ചെറുകഥാകൃത്ത്.ഇതൊക്കെയാണ് നമ്മെ വിട്ടു പിരിഞ്ഞ സുനിൽ കൊടുവഴന്നൂർ എന്നഎഴുത്തുകാരൻ.

പത്രപ്രവർത്തകനായി തൊഴിൽ ജീവിതം ആരംഭിച്ച യുവാവ്. പ്രമുഖപത്രങ്ങളുടെ വിവിധ മേഖലകളിൽ പലകാലങ്ങളിൽ പ്രവർത്തിച്ചു.വാർത്തയും ഫീച്ചറുകളുമായി അക്ഷര സൗഹൃദം തുടരുമ്പോഴും മനസ്സിൽ കഥകളെ വരച്ചിട്ടിരുന്നകഥാകാരൻ . ഒരു നല്ലവാക്ക് കിട്ടിയാൽ കഥക്കു വേണ്ടി അത് മനസ്സിൽ മാറ്റിയിടുന്നത് സുനിലിന്റെ ഒരു രീതിയായിരുന്നു. വാക്കുകൾ ധാരാളിത്തത്തോടെ ഉപയോഗിച്ച് പാഴികളയാനുള്ളതല്ലെന്ന് സുനിൽഎപ്പോഴും പറയുമായിരുന്നു.എഴുത്ത് പാകം വന്ന ഒരവസ്ഥയിൽ മാത്രം എഴുതിയാൽ മതിയെന്ന സ്വയം തീരുമാനത്തിൽ നിന്നുമാണ് സുനിൽ കഥകളുടെ എണ്ണം കുറച്ചത്. എന്നാൽ എഴുതിയ കഥകളിലെല്ലാം ജീവിതത്തിന്റെ വേറിട്ട അവസ്ഥാവിശേഷങ്ങളും അപൂർവ്വ വികാരങ്ങളും നിറച്ചുവയ്ക്കാനും ആ എഴുത്തുകാരൻ മറന്നില്ല.

ഓരോ കഥയും സിനിമാസ്ക്രീൻ എന്ന പോലെ വായനക്കാരിലെത്തണം എന്ന് സുനിൽ എന്ന എഴുത്തുകാരന് നിർബന്ധമായിരുന്നു. കാരണം സുനിൽ സിനിമയെ അത്രയേറെ സ്നേഹിച്ചിരുന്നു. സിനിമ കാണാവുന്ന സാഹിത്യമാണെന്ന എം.ടി യുടെ വാക്കുകളിൽ സുനിൽ വിശ്വസിച്ചിരുന്നു. അത് ഇടക്ക് പറയാറുമുണ്ടായിരുന്നു. അതുകൊണ്ടാകണം സുനിൽ എഴുതിയ ഷോർട്ട് ഫിലിമുകളെല്ലാം ചെറിയ സിനിമയുടെ ചിട്ടവട്ടങ്ങൾക്കപ്പുറംഒരുയഥാർത്ഥസിനിമക
ളുടെ വികാരങ്ങൾ പകർന്നു നൽകിയത്. ജനിതകം എന്ന സൃഷ്ടി അതിന് മികച്ച ഉദാഹരണമാണ്. ഒരു പ്രമുഖ സിനിമ എപ്രകാരം എഴുതി സംവിധാനം ചെയ്യപ്പെടുന്നുവോ അതേ മട്ടിലാണ് ആ ചിത്രം കാണികളുമായി കഥ പങ്കിട്ടത്. ഒട്ടേറെ ദേശീയ, സംസ്ഥാന പുരസ്ക്കാരങ്ങളുമായി അത് സുനിലിന്റെ എഴുത്ത് ജീവിതത്തിന്‌ മാറ്റ്കൂട്ടി. മറ്റ് ചിത്രങ്ങളായ ഗ്ലോവം, ആകാശം, എന്നിവയും അവയ്ക്കു വേണ്ടി എഴുതിയ ഗാനങ്ങളും ഒക്കെ സർഗ്ഗാത്മക സൗന്ദര്യം നിറഞ്ഞവയായിരുന്നു.

അദ്ധ്യാപകനായി ഔദ്യോഗിക ജീവിതത്തിൽ മുഴുകിയപ്പോൾ സുനിൽ മനസ്സിൻ പുതിയ കഥകളെ ആവേശത്തോടെ വളർത്തിയെടുക്കുകയായിരുന്നു വ്യക്തിപരമായി കഥയും ജീവിതവും പരസ്പരം പങ്കിട്ടിരുന്നതിനാൽ സുനിലിന്റെ ഉള്ളിലെ കഥാഭൂമിക എനിക്ക് അടുത്തറിയാമായിരുന്നു. ഓരോ കഥയും എഴുതി കഴിഞ്ഞാൽ വായിച്ചു കേൾപ്പിച്ചും എതിരഭിപ്രായങ്ങളോട് തർക്കിച്ചും എത്രയോ ദിവസങ്ങൾ ഞങ്ങൾ പങ്കിട്ടിരുന്നു. വിശാലമായ തിരക്കഥകൾ, നാടകങ്ങൾ ഒക്കെയും സുനിൽ എഴുതി പൂർത്തിയാക്കിയിരുന്നു. അരങ്ങിലും അഭ്രപാളികളിലും അവ എത്തുന്നത് കാത്തു നിൽക്കാതെ സുനിൽ പെട്ടെന്ന് യാത്രയായി. അനുവാദമില്ലാതെ കടന്നുവരുന്ന അതിഥി ക്കൊപ്പം ഇറങ്ങുമ്പോൾ നമുക്കാർക്കും തിരിഞ്ഞു നിന്ന് യാത്രപറയാൻ അവസരമില്ലല്ലോ? എങ്കിലും ഒന്നു പറയാതെ പോയതിന്റെ നൊമ്പരം നമ്മളിലൊക്കെ ബാക്കിയാകുന്നു.കണ്ണിയറ്റ് പോകുന്ന ആത്മബന്ധത്തിനു മുന്നിൽ നിൽക്കുമ്പോൾ ഉള്ളിൽ തിരയടങ്ങിയൊരു സങ്കടക്കടൽ ബാക്കിയാകുന്നു.

റിപ്പോർട്ട്‌ : രാധാകൃഷ്ണൻ കുന്നുംപുറം 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!