ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10), തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട (വാർഡ് 18) വാർഡുകളിൽ സ്ഥിതിചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും മെയ് 30ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മെയ് 29,30 തിയതികളിലും വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മെയ് 31നും പ്രാദേശിക അവധിയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. മെയ് 30ന് രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് ഉപതെരഞ്ഞെടുപ്പ്.
വോട്ട് ചെയ്യാൻ പ്രത്യേക അനുമതി
മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട (വാർഡ് 18), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ , കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിന് അനുമതി നൽകണമെന്ന് നിർദേശം. ജീവനക്കാരൻ വാർഡിലെ വോട്ടർ ആണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേധാവികൾ പ്രത്യേക അനുമതി നൽകണമെന്ന് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് : മദ്യനിരോധനം ഏർപ്പെടുത്തി
തിരുവനന്തപുരം ജില്ലയിൽ മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് വാർഡുകളിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന വാർഡുകളിലും മെയ് 31ന് വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന വാർഡുകളിലും ജില്ലാ കളക്ടർ ജെറോമിക് ജോർജ് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട (വാർഡ് 18), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന കേശവദാസപുരം (വാർഡ് 15), മുട്ടട (വാർഡ് 18), കുറവൻകോണം (വാർഡ് 24), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിലും വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടു മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും, വോട്ടെണ്ണൽ ദിനമായ മെയ് 31ന് വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ കുറവൻകോണം (വാർഡ് 24) വാർഡിലും, കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ആർ.ആർ.വി (വാർഡ് 9) വാർഡിലും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു.