നീണ്ടകാലത്തെ പരിശ്രമത്തിനു ഒടുവിൽ 16649/16650 മംഗളൂരു – നാഗർകോവിൽ പരശുറാം എക്സ്പ്രസിന് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേയിൽ നിന്ന് വിവരം ലഭിച്ചതായി അഡ്വക്കേറ്റ് അടൂർ പ്രകാശ് അറിയിച്ചു.
മംഗളൂരു- നാഗർകോവിൽ പരശുറാം എക്സ്പ്രസിനും തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസിനും ചിറയിൻകീഴിലും കടയ്ക്കാവൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2022 മേയ് 31ന് റെയിൽവേ മന്ത്രിക്കും സതേൺ
റെയിൽവേ ജനറൽ മാനേജർക്കും എംപി കത്ത് നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയായി 2022 ജൂൺ മാസത്തിൽ പരശുറാം എക്സ്പ്രസ്സിന് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്തിട്ടുണ്ട് എന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എം.പിയെ അറിയിക്കുകയുണ്ടായി. മാസങ്ങൾ കഴിഞ്ഞിട്ടും ഈ ട്രെയിനിന് ചിറയിൻകീഴിൽ സ്റ്റോപ്പ് ലഭിക്കാതെ വന്നതോടെ എം.പി വീണ്ടും കേന്ദ്ര റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ഇതിനുപുറമേ റെയിൽവേ ബോർഡ് 2023 മാർച്ച് മാസത്തിൽ വിളിച്ചു ചേർത്ത കേരളത്തിലെ എം.പി മാരുടെ മീറ്റിങ്ങിൽ പരശുറാം എക്സ്പ്രസ്സിന് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് എം.പി ശക്തമായി ആവശ്യപ്പെട്ടിരുന്നു. റെയിൽവേ തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത കേരളത്തിലെ എം.പിമാരുടെ മീറ്റിങ്ങിൽ വച്ച് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ ചിറയിൻകീഴിൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാമെന്ന് എം. പി ക്ക് ഉറപ്പു നൽകിയിരുന്നു.തുടർന്നുള്ള നിരന്തര പരിശ്രമത്തിനൊടുവിലാണ് പരശുറാം എക്സ്പ്രസിന് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിച്ച് കൊണ്ടുള്ള അറിയിപ്പ് റെയിൽവേ അധികൃതരിൽ നിന്നും എം.പി ക്ക് ലഭിച്ചത്.
ഇതോടൊപ്പം കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലും പരശുരാം എക്സ്പ്രസിന് സ്റ്റോപ്പ് ആവശ്യപ്പെട്ടിരുന്നു. എങ്കിലും ശരാശരി ടിക്കറ്റ് വിൽപ്പന നടക്കുന്നില്ല എന്നുള്ള കാരണത്താൽ ആ നിർദ്ദേശം നിരസിക്കുകയായിരുന്നു. അതിന് പകരമായി കടയ്ക്കാവൂരിൽ മറ്റേതെങ്കിലും മെയിൽ /എക്സ്പ്രസ്സ് ട്രൈയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാമെന്ന് റെയിൽവേ മന്ത്രാലയത്തിൽ നിന്നും എം.പി യെ അറിയിക്കുക ഉണ്ടായി. ട്രെയിൻ യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യമാണ് ഇതോടുകൂടി സാഷാത്കരിക്കുന്നതെന്നു എന്ന് എംപി അറിയിച്ചു.
ഇനിയും കൂടുതൽ ട്രെയിനുകൾക്ക് ചിറയിൻകീഴിലും കടയ്ക്കാവൂരിലും വർക്കലയിലും സ്റ്റോപ്പുകൾ അനുവദിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമം തുടരുമെന്നും അഡ്വക്കേറ്റ് അടൂർ പ്രകാശ് എം.പി അറിയിച്ചു.