ലോക പുകയിലവിരുദ്ധ ദിനാചരണത്തിനോട് അനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് ബൈക്ക് റാലിയും പുകയിലവിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ചു.
കഴക്കൂട്ടം പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി ഋഷിരാജ് സിംഗ് ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രസ്തുത റാലി മംഗലപുരം, ആറ്റിങ്ങൽ, ആലംകോട്, കല്ലമ്പലം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വർക്കല ക്ലിഫിൽ സമാപിച്ചു. റാലി കടന്നു പോയ സ്ഥലങ്ങളിൽ എല്ലാം ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ ഡോക്ടർമാർ ലഹരിവിരുദ്ധ സന്ദേശം നൽകുകയും ലഘുലേഖകൾ വിതരണം ചെയുകയും ചെയ്തു.
പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ശ്രീശങ്കര ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു. ഡെന്റൽ അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൾ ആയ ഡോ. സംഗീത് ചെറിയാൻ, ഡോ. ദീബു മാത്യു, ഡോ.ടെറി തോമസ്, ഡോ. സെബി വർഗീസ്, ആറ്റിങ്ങൽ ശാഖയുടെ പ്രസിഡന്റ് ഡോ. വാസുദേവൻ വിനയ് സെക്രട്ടറി ഡോ. സുബാഷ് കുറുപ്പ്, സിഡിഎച്ച് കൺവീനർ ഡോ. ഷമീം ഷുക്കൂർ തുടങ്ങിയവരടക്കം ഒട്ടനവധി ദന്തഡോക്ടർമാർ ഈ ലഹരിവിരുദ്ധ ബോധവൽക്കരണ യാത്രയിൽ പങ്കെടുത്തു. ഡോ അഭിലാഷ് ജി.എസ് ലഹരിക്കെതിരെയുള്ള പ്രതിഞ്ജ ചൊല്ലി കൊടുത്തു. പൊതു സമൂഹത്തെ ലഹരി എന്ന മാരക വിപത്തിനെതിരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഈ പരിപാടി സംഘടിപ്പിച്ചത്.