പരശുറാം എക്സ്പ്രസ്സിന് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിച്ചതിൽ അവകാശപ്പോര് മുറുകുന്നു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസ്സ് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുവാനുള്ള ഇടപെടൽ നടത്തിയതിന്റെ അവകാശത്തെ ചൊല്ലിയാണ് ബിജെപി – കോൺഗ്രസ്സ് പോര് മുറുകിയിരിക്കുന്നത്.
കേന്ദ്ര വിദേശകാര്യ വകുപ്പ് സഹ മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനും, ആറ്റിങ്ങൽ പാർലമെന്റ് അംഗവും കോൺഗ്രസ്സ് നേതാവുമായ അടൂർ പ്രകാശും തമ്മിലാണ് ചിറയിൻകീഴിൽ അനുവദിക്കപ്പെട്ട സ്റ്റോപ്പിനെ ചൊല്ലി അവകാശം വാദം ഉടലെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് (മെയ് 30) നാഗർകോവിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ്സ് 16649/16650 ന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച്കൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് പുറത്ത് വന്ന് മിനിറ്റുകൾഇക്കകം ഇരു വിഭാഗവും അവകാശ വാദവുമായി രംഗത്ത് വരുകയായിരുന്നു.
പരശുറാം എക്സ്പ്രസിന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച റെയിൽവേ മന്ത്രാലയത്തിൻ്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്ന ഫേസ്ബുക്ക് കുറിപ്പിനോടൊപ്പം റയിൽവേ മന്ത്രിയുമായുള്ള ചിത്രവും ഉത്തരവിന്റെ പകർപ്പും പങ്കുവച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ രംഗത്ത് വന്നത്.
എക്സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പില്ലെന്ന പ്രദേശവാസികളുടെ പരാതി കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവയെ നേരിട്ട് അറിയിക്കുകയും ചിറയിൻകീഴിൽ സ്റ്റോപ്പ് എന്ന ആവിശ്യം യാഥാർത്ഥ്യമാക്കുവാൻ സത്യമായതായും അദ്ദേഹം പറയുന്നു.
അതേ സമയം, ആറ്റിങ്ങൽ പാർലമെന്റ് അംഗം അടൂർ പ്രകാശിന്റെ വാദം ഇങ്ങനെയാണ്-
“നീണ്ടകാലത്തെ പരിശ്രമത്തിനു ഒടുവിൽ 16649/16650 മംഗളൂരു – നാഗർകോവിൽ പരശുറാം എക്സ്പ്രസിന ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേയിൽ നിന്ന് വിവരം ലഭിച്ചതായും, മംഗളൂരു- നാഗർകോവിൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2022 മേയ് 31ന് റെയിൽവേ മന്ത്രിക്കും സതേൺ റെയിൽവേ ജനറൽ മാനേജർക്കും താൻ കത്ത് നൽകിയിരുന്നതായും, ഈ കത്തിനുള്ള മറുപടിയായി 2022 ജൂൺ മാസത്തിൽ പരശുറാം എക്സ്പ്രസ്സിന് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്തിട്ടുണ്ട് എന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പറയുന്നു.
എന്നാൽ പിന്നീട്, മാസങ്ങൾ കഴിഞ്ഞിട്ടും ഈ ട്രെയിനിന് ചിറയിൻകീഴിൽ സ്റ്റോപ്പ് ലഭിക്കാതെ വന്നതോടെ താൻ വീണ്ടും കേന്ദ്ര റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നതായും, ഇതിനുപുറമേ റെയിൽവേ ബോർഡ് 2023 മാർച്ച് മാസത്തിൽ വിളിച്ചു ചേർത്ത കേരളത്തിലെ എം.പി മാരുടെ മീറ്റിങ്ങിൽ പരശുറാം എക്സ്പ്രസ്സിന് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് താൻ അതി ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടതായും പറയുന്നു. തുടർന്നുള്ള തന്റെ നിരന്തര പരിശ്രമത്തിനൊടുവിലാണ് പരശുറാം എക്സ്പ്രസിന് ചിറയിൻകീഴിൽ സ്റ്റോപ്പ് അനുവദിച്ച് കൊണ്ടുള്ള അറിയിപ്പ് റെയിൽവേ അധികൃതരിൽ നിന്നും എം.പി ക്ക് ലഭിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ അവകാശ വാദം.
നേതാക്കൾ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട്കളിലൂടെ പുറത്തുവിട്ട വിവരങ്ങളാണ് നിലവിൽ ഇരു വിഭാഗത്തിലുമുൾപ്പെട്ട അണികൾക്കുള്ള ഊർജ്ജം, ഇത് അടിസ്ഥാനപ്പെടുത്തി സ്റ്റോപ്പ് അനുവധിച്ചതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള തത്രപ്പാടിലാണ് പ്രാദേശിക നേതൃത്വം.
ഇതിനോടകം ഇവർ സോഷ്യൽ മീഡിയയിലൂടെ വൻതോതിലുള്ള പ്രചാരണങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇതിനോടകം, പാർട്ടിയേയും പാർട്ടി നേതാക്കളെയും പ്രശംസിച്ചും അഭിനന്ദിച്ചുമുള്ള പോസ്റ്റുകൾ പ്രചരിച്ചുതുടങ്ങികഴിഞ്ഞു. അടുത്ത് തന്നെ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകൾ കൊണ്ട് റയിൽവേ സ്റ്റേഷനും സമീപ പ്രദേശങ്ങളും നിറയുമെന്നാണ് സൂചന.
എന്നാൽ, അവകാശവാദത്തെ ചൊല്ലി പാർട്ടികൾ തമ്മിൽ കടിപിടി മുറുകുമ്പോഴും വളരെ വൈകിയെങ്കിലും യാത്രക്കാരുടെ വർഷങ്ങൾ നീണ്ട ആവിശ്യത്തിന് വളരെ വൈകിയാണെങ്കിലും പരിഹാരം കാണുവാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് യാത്രക്കാർ.