ആറ്റിങ്ങല്‍ നഗരസഭ ഇനി മുതല്‍ സമ്പൂര്‍ണ്ണ വലിച്ചെറിയല്‍ മുക്ത നഗരസഭ. സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭയായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പ്രഖ്യാപിച്ചു. ജില്ലയില്‍ ആദ്യമായി സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്തമാകുന്ന നഗരസഭ ആറ്റിങ്ങലാണെന്ന് കളക്ടര്‍ പറഞ്ഞു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നഗരസഭയിലെ ഹരിത കര്‍മ സേന അംഗങ്ങളെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. നഗരസഭ പരിധിയിലെ അതിദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള സൗജന്യ പഠനക്കിറ്റ് വിതരണവും കളക്ടര്‍ നിര്‍വഹിച്ചു.
പ്രഖ്യാപനത്തോടനുബന്ധിച്ച് നഗര മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനമേളയും സംഘടിപ്പിച്ചിരുന്നു. മേളയുടെ ഉദ്ഘാടനം ഒ. എസ്.അംബിക എം.എല്‍.എ നിര്‍വഹിച്ചു. വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പ്രദര്‍ശന വിപണന മേളയാണ് ആറ്റിങ്ങല്‍ നഗരസഭാങ്കണത്തില്‍ സംഘടിപ്പിച്ചത്.
ബയോഗ്യാസ് പ്ലാന്റ്, സ്മാര്‍ട്ട് ബയോ ബിന്നുകളുടെ പ്രദര്‍ശനം, ആര്‍ത്തവ കപ്പുകളുടെ ഉപയോഗം വ്യക്തമാക്കുന്ന സ്റ്റാള്‍, ഖര മാലിന്യ സംസ്‌ക്കരണ എക്‌സ്‌പോ, ഉറവിട മാലിന്യ സംസ്‌ക്കരണം എന്നിവയാണ് മേളയുടെ ഭാഗമായി ഒരുക്കിയത്. മാലിന്യ നിര്‍മാര്‍ജ്ജനത്തെ പറ്റി മനസിലാക്കുന്നതോടൊപ്പം വിവിധ മാലിന്യ സംസ്‌ക്കരണ ഉത്പന്നങ്ങള്‍ സബ്‌സിഡിയോടെ വാങ്ങാനും അവസരമൊരുക്കിയിരുന്നു.
ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്. കുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷന്‍ ജി. തുളസീധരന്‍ പിള്ള, വിവിധ ജനപ്രതിനിധികള്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഫൈസി. എ, ഹരിതകര്‍മ സേന അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.