കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ ആംബുലൻസ് സർവ്വീസ് ഉടമ സന്തോഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മേൽ കടയ്ക്കാവൂർ, വിളയിൽ പുത്തൻ വീട്ടിൽ സന്തോഷ് (37) ആണ് മരിച്ചത് ” ബറൈറ്റ് വേ ” ആംബുലൻസ് സർവീസ് ഉടമയാണ് സന്തോഷ്. ഇന്നലെ രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കടയ്ക്കാവൂർ പോലീസ് തുടർന്ന് നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് നാലുമണിയോടെ സംസ്കരിച്ചു.
കോവിഡിന് മുൻപ് തന്നെ ആംബുലൻസ് എന്നത് മേൽക്കടയ്ക്കാവൂർ എന്ന കയർ, കാർഷിക ഗ്രാമത്തിൽ ജനകീയമാക്കിയ ഒരു സാമൂഹ്യ പ്രവർത്തകനാണ് സന്തോഷ്. പ്രവാസി ആയിരുന്ന സന്തോഷ് നാട്ടിലെത്തി ഓട്ടോ ടാക്സി ഡ്രൈവർ ആയി പ്രവർത്തിച്ചു വരുന്നതിനിടയിൽ ആണ് ആംബുലൻസ് സർവീസ് രംഗത്തേക്ക് തിരിയുന്നത്. അക്കാലത്ത് നാട്ടിൽ ഒരു ആംബുലൻസ് സൈറൺ കേൾക്കുമ്പോൾ തന്നെ ഭയപ്പെട്ടിരുന്ന ജനങ്ങൾക്കിടയിൽ ആംബുലൻസ് എന്ന വാഹനത്തെ ജനകീയമാക്കുന്നതിൽ സന്തോഷ് വഹിച്ച പങ്ക് വളരെ വലുതാണ് . ഏത് അത്യാവശ്യ സന്ദർഭങ്ങളിലും ആംബുലൻസുമായെത്തി രോഗികളെയും പരിക്കേറ്റവരെയും ലാഭേഛ കൂടാതെ ആശുപത്രികളിൽ എത്തിക്കാനും, മരണപ്പെട്ടവരുടെ മൃതദ്ദേഹങ്ങൾ എത്തിക്കുന്നതിലും സന്തോഷിന്റെ സാമൂഹ്യ സേവന മനോഭാവം പ്രശംസനീയം തന്നെയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കോവിഡ് കാലത്തും യാതൊരു വിമുഖതയും ഇല്ലാതെ കോവിഡ് രോഗികളെയും രോഗം സംശയിക്കുന്നവരെയും വളരെ ഉത്തരവാദിത്വത്തോടു കൂടി സഹായിക്കുന്നതിൽ ഇദ്ദേഹത്തിന്റെ സേവനം മുന്നിട്ടു നിന്നു. ശാർക്കര ക്ഷേത്ര മൈത്താനത്ത് ആലംബഹീനരായ അനാഥജന്മങ്ങൾക്ക് ആഹാരം നൽകാൻ സന്തോഷ് ഉൾപ്പെടുന്ന കുറച്ചു ചെറുപ്പക്കാർ ചേർന്ന് ആരംഭിച്ച “വിശപ്പിനൊരു കൈത്താങ്ങ് ” ശ്രദ്ധേയമായിരുന്നു.