പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് പാളയംകുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലറും, എസ്.എം.സി. ചെയർമാനുമായ സരിത്ത് , എൻ.എസ്.എസ്. നടപ്പിലാക്കുന്ന മാമ്പഴക്കാലം എന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ഷെർലി.പി. അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ഷാം. എസ്.എൻ സ്വാഗതവും, വോളണ്ടിയർ ലീഡർ കുമാരി. ദേവിക എസ്.കുമാർ നന്ദിയും പറഞ്ഞു. ഡോ.ബിജു. ആർ. പരിസ്ഥിതി ദിന സന്ദേശം നൽകി. വോളണ്ടിയർമാർ ഗുണമേന്മയുള്ള നൂറോളം മാവിൻതൈകൾ സ്കൂളിൽ ലഭ്യമാക്കി. സ്കൂൾ അങ്കണത്തിൽ ആദ്യത്തെ മാവിൻതൈ നട്ടു കൊണ്ട് സരിത്ത് മാമ്പഴക്കാലം എന്ന പദ്ധതിക്ക് തുടക്കമിട്ടു. വോളണ്ടിയർമാർ തയ്യാറാക്കിയ പരിസ്ഥിതി ദിന സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും മാവിൻ തൈകളുമായി നടത്തിയ റാലി ജനശ്രദ്ധയാകർഷിച്ചു. അധ്യാപകൻ ശ്രീനാഥ് ഐ.എസിൻ്റെ നേതൃത്വത്തിൽ ടീമുകളായി തിരിഞ്ഞ് എൻ.എസ്.എസ്. വോളണ്ടിയർമാർ ദത്തു ഗ്രാമത്തിലെ വിവിധ വീടുകളിൽ മാവിൻതൈകൾ നട്ടു. ഇതിനോടൊപ്പം വീടുകളിൽ ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് കൊണ്ടുള്ള പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തി.
