ആറ്റിങ്ങൽ ദേശീയപാത ബൈപാസ് നിർമ്മാണത്തിനായി മണ്ണിട്ടു നികത്തിയതിനെ തുടർന്ന് കൊല്ലമ്പുഴയിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി എ.ഡി.എം അനിൽ ജോസിന്റെ നേതൃത്വത്തിൽ റവന്യൂ, ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഒഎസ്. അംബിക എംഎൽഎ ജില്ലാ വികസന സമിതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നതിനെ തുടർന്നാണ് പരിഹാരമാർഗങ്ങൾ തേടുന്നതിനായി റവന്യൂ സംഘം സ്ഥലം സന്ദർശിച്ചത്. കഴിഞ്ഞ മഴയിൽ സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും കൃഷി നശിക്കുന്ന സാഹചര്യവും ഉണ്ടായി.വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും എ. ഡി. എം ന്റെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥ സംഘം ഉറപ്പുനൽകിയതായി എംഎൽഎ അറിയിച്ചു.