ഏറെ കൊട്ടിഘോഷിച്ച് നിർമ്മാണ ഉദ്ഘാടനം നടത്തിയ കരവാരം പഞ്ചായത്തിലെ കടവിള -കട്ടപറമ്പ് റോഡ് ഒരു വർഷം തികയാറായിട്ടും റോഡ് പണി സ്തംഭിച്ച നിലയിൽ. കാൽനടയാത്രക്കാർക്ക് പോലും നടന്ന് പോകാൻ കഴിയാത്ത വെള്ളകെട്ടുകളും നിറയെ ചെളി മൂടിയ അവസ്ഥയുമാണ്. അതിനു പുറമെ വാട്ടർ അതോറിറ്റിയുടെ അനാസ്ഥയുമെന്ന് നാട്ടുകാർ പറയുന്നു. പൈപ്പ് ഇടുന്നതിന് പിറകെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. ഇരുപതിൽപരം സ്കൂൾ വാഹനങ്ങളും മറ്റ് നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ആശ്രയിക്കുന്ന ഈ റോഡിൻ്റെ പണികൾ എത്രയും വേഗം നടപ്പാക്കിയില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരമാർഗങ്ങളുമായി മുന്നോട്ട് പോകുമെന്ന് രോഷാകുലരായ നാട്ടുകാർ അറിയിച്ചു.
3 കോടി 75 ലക്ഷം രൂപയാണ് റോഡ് നിർമാണത്തിനായി അനുവദിച്ചത്. അടൂർ പ്രകാശ് എംപിയും പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ വലിയ ആഘോഷത്തോടെയാണ് നിർമാണ ഉദ്ഘാടനം നടത്തിയത്. നിർമാണം നടക്കാത്തതിനാൽ ഈ പ്രദേശത്തെ ജനങ്ങൾ ആകെ അമർഷത്തിലാണ്.