വർക്കല : ദേശീയപാത വികസനത്തിന്റെ പേരിൽ ശ്രീനാരായണ ഗുരുദേവന്റെ സമാധിയിലേക്കുള്ള റോഡ് അടയ്ക്കുവാൻ വാൻ ശ്രമിക്കുന്നത് സാംസ്ക്കാരിക ധ്വംസനമാണെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച പാരിപ്പള്ളി ഗണേഷ് മെമ്മോറിയൽ ഗ്രന്ഥശാല റഫറൻസ് ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിച്ച ധർണ്ണ മുക്കടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ദേശീയപാത അധികൃതരുടെ ഈ നീക്കം ഉപേക്ഷിക്കണമെന്നും മുക്കടയിൽ അടിപ്പാത നിർമ്മിച്ച് പ്രശ്ന പരിഹാരം സാധ്യമാ ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണേഷ് മെമ്മോറിയൽ ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എസ്. ആർ അനിൽകുമാർ അധ്യക്ഷത വഹിച്ചു.സതീഷ് ബാബു, കെ. മുരളീധരക്കുറുപ്പ്, സുനിൽ വെട്ടിയറ, ഡോ. പ്രിയ സുനിൽ, എൻ.സതീശൻ, എൽ. ബിന്ദു, ലക്ഷ്മി പി.എസ്, വി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാരിപ്പള്ളിയൂണിറ്റിന്റെ നേതൃത്വത്തിൽ മുക്കടയിൽ നടക്കുന്ന സത്യാഗ്രഹ സമരം വ്യവസായ സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ നിസാർ ഉദ്ഘാടനം ചെയ്യും.
ദേശീയപാത അതോറിറ്റിയുടെ തിരുവനന്തപുരത്ത് പേട്ടയിലുള്ള റീജിയണൽ ഓഫീസിലേക്ക് ജൂൺ 14 ബുധനാഴ്ച രാവിലെ 10.30 മണിക്ക് റോഡ് സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തും. വർക്കല എംഎൽ.എ അഡ്വ.വി. ജോയി, ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി തുടങ്ങിയവർ പങ്കെടുക്കും.