വർക്കല : പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മുക്കടയിൽ നടന്നുവരുന്ന അനിശ്ചിത കാല സത്യാഹ സമരം പത്ത് ദിവസം പിന്നിട്ടു. പാരിപ്പള്ളി – വർക്കല ശിവഗിരി റോഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന്റെ ഭാഗമായി ബുധനാഴ്ച തലസ്ഥാനത്തും മുക്കടയിലും നടത്തിയ പ്രതിഷേധ സമരങ്ങൾ ദേശീയപാത അധികാരികൾക്കുള്ള ശക്തമായ താക്കീതായി മാറി.
ബുധനാഴ്ച തിരുവനന്തപുരത്തുള്ള ദേശീയപാത അതോറിറ്റി ഓഫീസിലേക്ക് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. സിപിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോഡ് സംരക്ഷണ സമിതി ചെയർമാൻ വി. മണിലാൽ അധ്യക്ഷത വഹിച്ചു.
അനിശ്ചിത കാല സത്യാഗ്രഹ സമരവേദിയായ മുക്കടയിലും ഇന്ന് സമരപരിപാടികൾ മാറ്റമില്ലാതെ നടന്നു.
വർക്കല ‘സെൻസ്’ സാംസ്കാരിക സംഘടന നടത്തിയ സമരം അനെർട്ട് മുൻ ഡയറക്ടർ ഡോ.എം ജയരാജു ഉദ്ഘാടനം ചെയ്തു. കെ.കെ.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു റോഡ് സംരക്ഷണസമിതി കൺവീനർ ഷോണി.ജി ചിറവിള , എസ്.ബാബുജി, വിക്രം.കെ.നായർ , കെ.സുജാതൻ, ഗ്രാമപഞ്ചായത്തംഗം ചന്ദ്രിക ടീച്ചർ, ഗണേശ് ഗ്രന്ഥശാല സെക്രട്ടറി ജി. സദാനന്ദൻ എന്നിവർ സംസാരിച്ചു. റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ വി.മണിലാൽ, അഡ്വ.എസ്.ആർ. അനിൽകുമാർ , പാരിപ്പള്ളി വിനോദ് എന്നിവർ സത്യാഗ്രഹ സമരത്തിനു നേതൃത്വം നൽകി.
വ്യാഴാഴ്ച നന്മ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമര പരിപാടികൾ ഡോ. പ്രഭു ദാസ് ഉദ്ഘാടനം ചെയ്യും.