വർക്കല : പാരിപ്പള്ളി – വർക്കല- ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുക്കടയിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ വർദ്ധിച്ച ജനകീയ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിലും ധർണ്ണയിലും വർദ്ധിച്ച ജനപങ്കാളിത്തമാണ് പ്രകടമായത്. ശിവഗിരിയിലേക്കുള്ള പാത അടച്ചുപൂട്ടരുതെന്നും, മുക്കടയിൽ അടിപ്പാത നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച പാരിപ്പള്ളി നന്മ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ കൊല്ലം ശ്രീനാരായണ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. തുളസീധരൻ ഉദ്ഘാടനം ചെയ്തു.
നന്മ പ്രസിഡന്റ് സി. മോഹനൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. വിജയൻ, മുരളീധരൻ, ‘നന്മ’ സെക്രട്ടറി ക്യാപ്റ്റൻ സതീശൻ, പ്രൊഫ. സുരേഷ് ബാബു, ഡോ. സുനിൽകുമാർ, ഡോ. അശോക് കുമാർ, എസ് പ്രസേനൻ, മധുസൂദന കുറുപ്പ് എന്നിവർ സംസാരിച്ചു.
സമരത്തിന് റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ , വി. മണിലാൽ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച നടക്കുന്ന സമരപരിപാടികൾ കല്ലുവാതുക്കൽ പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ നേതൃത്വത്തിൽ നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി ഉദ്ഘാടനം ചെയ്യും.