വർക്കല : നാടിന്റെ വികസനത്തിൽ ഏത് ഘട്ടത്തിലും പിന്തുണ നൽകിയ അക്ഷര സ്നേഹികളുടെ കൂട്ടായ്മയാണ് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനമെന്നും സാംസ്കാരിക നവോത്ഥാന കേന്ദ്രമായ ശിവഗിരിയിലേക്കുള്ള പാത കെട്ടിയടയ്ക്കാനുള്ള നീക്കം ജനവിരുദ്ധമാണെന്നും ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി അഭിപ്രായപ്പെട്ടു. പാരിപ്പള്ളി -വർക്കല- ശിവഗിരി റോഡ് സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി കല്ലുവാതുക്കൽ പഞ്ചായത്ത് ഗ്രന്ഥശാലാ നേതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹ സമരം മുക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗണേശ് ഗ്രന്ഥശാല സെക്രട്ടറി ജി. സദാനന്ദൻ സ്വാഗതം പറഞ്ഞു. നേതൃസമിതി കൺവീനർ കെ.മുരളീധര കുറുപ്പ് അധ്യക്ഷത വഹിച്ചു. ജവഹർ ഗ്രന്ഥശാല വനിതാവേദി പ്രസിഡന്റ് മിനി, ജ്ഞാനോദയം ഗ്രന്ഥശാലാ സെക്രട്ടറി എസ്.വിജയൻ , എസ്.വിജയപ്രസാദ്, കെ.വിജയകുമാർ , ഷോണി ജി. ചിറവിള എന്നിവർ സംസാരിച്ചു. റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ വി. മണിലാൽ,അഡ്വ. എസ്.ആർ അനിൽകുമാർ , പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച പാരിപ്പള്ളി മേഖലയിലെ എൻ.എസ്. എസ് കരയോഗങ്ങളുടെ നേതൃത്വത്തിലുള്ള സമര പരിപാടികൾ എൻ.എസ്.എസ് ചാത്തന്നൂർ മേഖല പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ശനിയാഴ്ച രാവിലെ 11.30 മണിക്ക് മുക്കടയിൽ സന്ദർശനം നടത്തുമെന്നു റോഡ് സംരക്ഷണ സമിതി ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.