Search
Close this search box.

ദേശീയ ജലശക്തി പുരസ്കാരം മാണിക്കൽ പഞ്ചായത്ത് ഏറ്റുവാങ്ങി

IMG-20230618-WA0091

ന്യൂഡൽഹി: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ദേശീയ ജലശക്തി പുരസ്കാരം മാണിക്കൽ പഞ്ചായത്ത് അധികൃതർ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. വില്ലേജ് പഞ്ചായത്ത് വിഭാഗത്തിലാണ് മാണിക്കൽ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടിയത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ പുരസ്കാരം ഏറ്റുവാങ്ങി. ഹരിതകേരള മിഷന്റെ നേതൃത്വത്തിലുള്ള ‘പുഴയൊഴുകും മാണിക്കൽ’ പദ്ധതിയുടെ ഭാഗമായി നടത്തിയ ജലസംരക്ഷണ പരിപാടികളാണ് മാണിക്കലിനെ പുരസ്കാരത്തിളക്കത്തിലെത്തിച്ചത്. ജലസംഭരണി നിർമാണം, മത്സ്യക്കൃഷി, താമരക്കൃഷി, നെൽക്കൃഷി തുടങ്ങി ജലസംരക്ഷത്തിനായി ഒട്ടേറെ മാതൃകകളാണ് പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്. ഹരിതകേരള മിഷൻ, കേന്ദ്ര ഭൂജലബോർഡ്, സംസ്ഥാന-ജില്ലാ ഭൂജലവകുപ്പുകൾ, കൃഷിവകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജലശക്തി അഭിയാൻ, ഇറിഗേഷൻ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. മികച്ച ജലപരിപോഷണ പരിപാടികൾ സംഘടിപ്പിക്കുന്ന പഞ്ചായത്തുകളെയാണ് ജലശക്തി പുരസ്കാരത്തിനു പരിഗണിക്കുന്നത്. 2022-ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മണ്ണിൽനിന്ന് വെള്ളം ഊർന്നിറങ്ങാനുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയ പഞ്ചായത്തായി മാണിക്കലിനെ തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂഡൽഹിയിലെ വിജ്ഞാൻഭവനിൽ നടന്ന പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാൻ മാണിക്കലിൽ നിന്നെത്തിയത് പഞ്ചായത്തു പ്രസിഡന്റുംവാർഡംഗങ്ങളും ഉദ്യോഗസ്ഥരുമടക്കം 20 പേരായിരുന്നു എന്നത് കൗതുകമായി. പഞ്ചായത്ത് നേട്ടം കൈവരിക്കുമ്പോൾ അത് എല്ലാവരും കൂടി ആഘോഷിക്കുക എന്നതാണു പ്രധാനമെന്ന് ഇവർ പറയുന്നു. ഔദ്യോഗികമായി രണ്ടുപേർക്കേ ആദ്യം ക്ഷണം ലഭിച്ചുള്ളൂവെങ്കിലും പിന്നീട് പ്രത്യേക അഭ്യർഥന പ്രകാരം 20 പേർക്കും പങ്കെടുക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!