വർക്കല : റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിത കാല സത്യാഗ്രഹ സമരം രണ്ടാഴ്ച പിന്നിടുമ്പോൾ കലാകാരൻമാരുടെ പങ്കാളിത്തം വേറിട്ട കാഴ്ചയായി. തിങ്കളാഴ്ച നടന്ന സമരംപരിപാടികൾ ഇന്ത്യൻ പീപ്പിൾ തീയറ്റർ അസോസിയേഷൻ (ഇപ്റ്റ) യുടെ നേതൃത്വത്തിൽ നടന്നു. ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവും സിനിമ സംവിധായകനുമായ രാരിഷ് ഉദ്ഘാടനം ചെയ്തു.
സുധീർ ദത്ത് അധ്യക്ഷത വഹിച്ചു. ഇപ്റ്റ മേഖലാ സെക്രട്ടറി വേണു സി. കിഴക്കനാല, ഇപ്റ്റ ദേശീയ കൗൺസിൽ അംഗം ആർ. വിജയകുമാർ, ജില്ലാ സെക്രട്ടറി മുരുകലാൽ, അനിൽ ഗോവിന്ദ്, നാടൻ പാട്ട് കലാകാരൻ ഷാജി കനവ്, മിമിക്രി കലാകാരൻ പ്രദീപ് വൈഗ, ജയദേവി തുടങ്ങിയവർ സംസാരിച്ചു.
സമരവേദിയിലെ ക്യാൻവാസിൽ ചിത്രകാരി ജയദേവി ചിത്രം വരച്ചു. ഇപ്റ്റ കലാകാരൻമാർ സമരഭൂമിയിലേക്ക് ബൈക്ക് റാലി നടത്തി. സമരവേദിക്ക് മുന്നിൽ അവർ അവകാശദീപം തെളിയിച്ചു, മുക്കടയിൽ അടിപ്പാത നിർമ്മാണം സാധ്യമാകുന്നത് വരെ സമരം തുടരുമെന്ന് കലാകാരൻമാർ പ്രതിജ്ഞയെടുത്തു.
ചൊവ്വാഴ്ച പാളയംകുന്ന് പ്രദേശവാസികൾ സംഘടിപ്പിക്കുന്ന സത്യാഗ്രഹ സമരം മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്യും.