തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച പ്രതി അറസ്റ്റിൽ. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ (53) നെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടാഴ്ച്ച മുൻപാണ് പ്രതി ഇമെയിൽ സന്ദേശം അയച്ചത്. 100 കോടി രൂപ ആവിശ്യപ്പെട്ടായിരുന്നു സന്ദേശം അയച്ചത്. ഇത്രയും തുക തന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തില്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനായ മന്ത്രി മുഹമ്മദ് റിയാസും പണിവാങ്ങും എന്നുള്ളതായിരുന്നു സന്ദേശം. സന്ദേശം ലഭിച്ചയുടൻ പോലീസ് ഈ വിവരം ഹൈടെക് സെല്ലിന് കൈമാറുകയായിരുന്നു. ഹൈടെക് സെൽ ഈ വിവരം കാട്ടാക്കട പോലീസിന് കൈമാറി. തുടർന്ന് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലം ഉള്ള ഇയാൾ വിമുക്തഭടന്റെ വീട്ടിൽ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണി മുഴക്കുകയും വീടിന് തീയിടുകയും ചെയ്ത കേസിൽ മുൻപ് ശിക്ഷ അനുഭവിച്ചിറ്റുള്ള ആളാണ്. പ്രതിയെ റിമാൻഡ് ചെയ്തു.കാട്ടാക്കട ഡിവൈഎസ്‌പി എൻ ഷിബുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷിബുകുമാർ, എസ് ഐ ശ്രീനാഥ്, എഎസ്ഐ സന്തോഷ് കുമാർ എന്നിവരാണ് പ്രതിയെ അറസ്‌റ്റുചെയ്‌തത്.