വർക്കല : നവോത്ഥാന ചരിത്രത്തിലേക്കുള്ള അണയാത്ത വിളക്കാണ് പാരിപ്പള്ളി-വർക്കല -ശിവഗിരി റോഡെന്നും ആ പാത കെട്ടിയടയ്ക്കുന്നത് വെളിച്ചത്തെ കെടുത്തലാണെന്നും പ്രശസ്ത കവി സി.വി.പ്രസന്നകുമാർ അഭിപ്രായപ്പെട്ടു. റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കല്ലുവാതുക്കൽ യൂണിറ്റ് മുക്കട ജംഗ്ഷനിൽ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് കെ. മുരളീധര കുറുപ്പ് അധ്യക്ഷത വഹിച്ചു. യൂണിയൻ ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് ജി.സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. റിട്ടയേർഡ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാരായ ഷക്കീല, ബി. വിജയ സേനൻ നായർ, വി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കൊട്ടിയം എൻ.എച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹ സമരവേദിയിലേക്ക് ഐക്യദാർഢ്യ പ്രകടനം നടത്തി. സക്കീർ ഹുസൈൻ, സമീർ റോയൽ എന്നിവർ നേതൃത്വം നൽകി.
വെള്ളിയാഴ്ച ചാവർകോട് പ്രദേശവാസികളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരും.