നന്ദിയോട് എസ്‌കെവി സ്‌കൂളിൽ മഹാത്മഗാന്ധി പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രധാന്യത്തോടെ വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നും അത് വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ അഗാധമായ സ്വാധീനം ചെലുത്തുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അക്രമരഹിത പ്രശ്‌നപരിഹാരം, സമാധാനപരമായ സഹവർത്തിത്വം തുടങ്ങിയ ഗാന്ധീയൻ ആശയങ്ങൾ പഠിക്കുന്നതിലൂടെ സഹിഷ്ണുതയുള്ള സമൂഹത്തെ രൂപപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി നന്ദിയോട് എസ്.കെ.വി ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച ജ്വലിതം പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പി.ടി.എ കമ്മിറ്റിയും സ്റ്റാഫും വിദ്യാർത്ഥികളും ചേർന്ന് ന്യൂസ് പേപ്പർ ചലഞ്ച് നടത്തി ശേഖരിച്ച തുക ഉപയോഗിച്ചാണ് ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ നിർമിച്ചത്.
വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി 14 ഇനം പ്രവർത്തനങ്ങളാണ് ജ്വലിതം പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്നത്. 2023-24 അധ്യയന വർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി രാഷ്ട്രപിതാവിന്റെ പ്രതിമ അനാച്ഛാദനം, ഋതം ,ഫ്‌ളുവന്റ് യു, ഇന്ദ്രധനുഷ്, ശാസ്ത്രം ജീവിതം, ചരിത്ര വിസ്മയം, മിർസാഖാനി, സർഗസ്വപ്നങ്ങൾ, ഇക്കോ വാരിയേഴ്‌സ്, മധുരവനം, സ്വയംതൊഴിൽ പരിശീലനം, കായിക കേരളം ആരോഗ്യ കേരളം, സുരലി ഹിന്ദി പാർക്ക്, സൗഹൃദ ക്ലബ് എന്നിവയാണ് പ്രവർത്തനങ്ങൾ.
വിദ്യാലയത്തിലെ പ്രഥമ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. നെടുമങ്ങാട് സബ് ഡിവിഷനിലെ 32 വിദ്യാർഥികൾ രണ്ട് പ്ലാറ്റൂണുകളായാണ് പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്. വിദ്യാലയത്തിലെ സൗഹൃദ ക്ലബ്ബിന് കീഴിൽ പ്രവർത്തിക്കുന്ന ക്യാരി ബാഗ് യൂണിറ്റും സുരലി ഹിന്ദി സൗഹൃദ പാർക്കും മന്ത്രി സന്ദർശിച്ചു.
ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ, മറ്റ് ജനപ്രതിനിധികൾ, സ്‌കൂൾ പ്രഥമാധ്യാപിക എസ്. റാണി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായിരുന്നു.