മലയിൻകീഴ് : വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മലയിൻകീഴ് ശങ്കരമംഗലം റോഡിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യയെ ഭർത്താവായ പ്രശാന്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രശാന്ത് കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ വിദ്യയെ താൻ മർദ്ദിച്ചുവെന്നാണ് പ്രശാന്ത് വ്യക്തമാക്കിയത്. തലക്കും അടിവയറ്റിനും ക്രൂരമായ മർദ്ദനമേറ്റതാണ് വിദ്യയുടെ മരണത്തിലേക്ക് നയിച്ചത്. പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു
വീടിന്റെ രണ്ടാം നിലയിൽ ഒരു മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു വിദ്യയും ഭർത്താവും രണ്ടു മക്കളും. സമീപവാസികളായ ആളുകളുമായി വീട്ടുകാർക്ക് ബന്ധമില്ലായിരുന്നു. ഓൺലൈനിൽ ഭക്ഷണം വരുത്തുന്നതും ചില ബന്ധുക്കൾ വന്നു പോകുന്നതും കണ്ടിട്ടുണ്ടെന്നു നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ട് മൂത്ത മകൻ സ്കൂൾവിട്ടു വന്നപ്പോള്‍ അമ്മ രക്തം വാർന്നു കിടക്കുന്നതാണ് കണ്ടത്.
വിവരം അറിഞ്ഞ് വിദ്യയുടെ അച്ഛൻ ഗോപകുമാർ എത്തുമ്പോൾ പ്രശാന്ത് വിദ്യയുടെ അടുത്തിരുന്നു വിളിച്ചുണർത്താൻ ശ്രമിക്കുന്നതാണ് കണ്ടത്. വിദ്യയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന്, വിദ്യയുടെ അച്ഛൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കുളിമുറിയിൽ തലയിടിച്ചു വീണാണ് വിദ്യ മരണപ്പെട്ടതെന്നാണ് ഭർത്താവ് പ്രശാന്ത് പോലീസിനോട് പറഞ്ഞിരുന്നത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ ഐപിഎസ്, തിരുവനന്തപുരം റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീകാന്ത്കാട്ടാക്കട ഡിവൈഎസ്പി ഷിബു എൻ എന്നിവർ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വിദ്യയും തമ്മിൽ വഴക്കുണ്ടായെന്നും വിദ്യയെ വയറ്റിൽ ചവിട്ടിയതായും തലപിടിച്ച് ഇടിച്ചെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
തിരുവനന്തപുരം മലയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിബു ടി.വി, സബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും ഹാജരായി തെളിവുകൾ ശേഖരിച്ചു. കസ്റ്റഡിയിലായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കും.
കരുമത്ത് അന്തിവിളക്ക് ജംക്‌ഷനിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. മലയിൻകീഴിലെ വീട്ടിലേക്ക് താമസം മാറിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ.