അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളി സംഘം അതിർത്തി ലംഘനത്തിന് ഇറാൻ കാസ്റ്റഡിയിലെടുത്തു.
ജൂൺ 18 ഞായറാഴ്ച വൈകുന്നേരം അജ്മാനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം ഉടമയായ അറബി ഉൾപ്പെട്ട പതിനൊന്ന് അംഗ സംഘത്തെയാണ് അതിർത്തി ലംഘിച്ചതിനെ തുടർന്നു ഇറാൻ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം സ്വദേശി സാജു ജോർജ് (54), മാമ്പള്ളി സ്വദേശി ആരോഗ്യ രാജ് (43), മാമ്പള്ളി ഓലുവിളാകം സ്വദേശി ഡെന്നിസൺ പൗലോസ് (48), കായിക്കര കുളങ്ങര പടിഞ്ഞാറിൽ സ്റ്റാലിൻ വാഷിംഗ്ടൺ (44) മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ഡിക്സൺ എൽ (46) തുടങ്ങിയവർ ഉൾപ്പെട്ട മത്സ്യത്തൊഴിലാളി സംഘമാണ് അതിർത്തി ലംഘനത്തെ തുടർന്ന് ഇറാൻ പോലീസിന്റെ പിടിയിലായത് എന്നാണ് റിപ്പോർട്ട്.
ഇവർക്ക് പുറമേ പിടിയിലായവരിൽ പരവൂർ സ്വദേശികളായ രണ്ട് അംഗങ്ങളും, തമിഴ്നാട് സ്വദേശികളായ മൂന്ന് അംഗങ്ങളുമുണ്ട്.
അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെട്ട സംഘം അതിർത്തി ലംഘനത്തിന്റെ പേരിൽ ഇറാനിൽ പോലീസ് പിടിയിലായ വിവരം കഴിഞ്ഞ തിങ്കളാഴ്ച തന്നെ വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു എന്നാൽ ഇതേ പറ്റിയുള്ള കൂടുതൽ വിവരങ്ങളൊ ഇവരെ ബന്ധപ്പെടുവാനോ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് വീട്ടുകാർ പരിഭ്രാന്തരായിരുന്നു.
തുടർന്ന് ഇന്നലെ രാവിലെയോടെ സാജു ജോർജ്ജ് വീട്ടിൽ ഫോൺ വിളിക്കുകയും തങ്ങൾ ഇറാൻ പോലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണെന്നും, അടിയന്തരമായി ഗവണ്മെന്റ് തലത്തിലുള്ള ഇടപെടലുണ്ടായാൽ മാത്രമേ തങ്ങൾക്ക് മോചനം സാധ്യമാകുകയുള്ളൂവെന്നും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന ടെലഫോൺ കോളിലൂടെ അറിയിക്കുകയുമായിരുന്നു.
എത്രയും പെട്ടെന്ന് തന്നെ പിടിയിലായവരെ നാട്ടിലെത്തിക്കാനുള്ള ശക്തമായ ഇടപെടലുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പറയുന്നത്.