Search
Close this search box.

പൊലീസ് യൂണിഫോമിലെത്തി വ്യാപാരിയെ തോക്കുചൂണ്ടി വിലങ്ങുവച്ചു തട്ടികൊണ്ടുപോകാന്‍ ശ്രമം – 3 പേർ അറസ്റ്റിൽ

IMG-20230629-WA0170

പൊലീസ് യൂണിഫോമിലെത്തി വ്യാപാരിയെ തോക്കുചൂണ്ടി വിലങ്ങുവച്ചു തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസ് ഡ്രൈവറും അറസ്റ്റില്‍.

സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉഴമലയ്ക്കല്‍ ചിറ്റുവീട്ടുമുറിയില്‍ പോങ്ങോട് മാവിള വീട്ടില്‍ വി.വിനീത്(36), കുറുപുഴ ഇളവട്ടം വെമ്ബ് വെള്ളൂര്‍ക്കോണം ശശി മന്ദിരത്തില്‍ കിരണ്‍കുമാര്‍(36) ആംബുലൻസ് ഡ്രൈവറായ വെള്ളനാട് വാളിയറ അരുവിക്കുഴി രവീന്ദ്ര ഭവനില്‍ ആര്‍.അരുണ്‍(35)എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച നീല സ്വിഫ്റ്റ് കാറും കണ്ടെടുത്തു. കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി ഒമ്ബതരയോടെയാണ് നെടുമങ്ങാട് പഴകുറ്റി സ്വദേശി മുജീബിനെ പൂവച്ചല്‍ ഇന്ത്യൻ ഓവര്‍സീസ് ബാങ്കിന് മുൻവശം പൊലീസ് വേഷം ധരിച്ചെത്തിയവര്‍ കാര്‍ തടഞ്ഞത്. കാട്ടാക്കടയിലുള്ള ഗൃഹോപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന കടയടച്ച്‌ വീട്ടിലേക്ക് പോകുകയായിരുന്നു മുജീബ്. കാറില്‍ കയറിയ സംഘം ഇ.ഡി ഉദ്യോഗസ്ഥരാണെന്നും അറസ്റ്റ് ചെയ്തുവെന്നും പറഞ്ഞു. സംശയംതോന്നിയ മുജീബ് നിലവിളിക്കുകയും കാറിന്‍റെ ഹോണ്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി. ഇതിനിടെ പ്രതികള്‍ തോക്ക് ചൂണ്ടി മുജീബിന്‍റെ ഒരുകൈ സ്റ്റിയറിങ്ങിലും മറ്റേകൈ ഡോര്‍പിടിയിലുമായി വിലങ്ങുവച്ചു. നിര്‍ത്താതെയുള്ള ഹോണ്‍ കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും പ്രതികള്‍ കടന്നു. സംഭവമറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി വിലങ്ങഴിച്ചശേഷം മുജീബിനെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

പിടിയായ പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ടുപേരും അഞ്ച് മാസത്തിലേറെയായി സസ്പെന്‍ഷനിലാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥര്‍ നെടുമങ്ങാട് ഗ്രാനൈറ്റ് കട നടത്തി കടകെണിയിലായി. കടം വീട്ടുന്നതിലേക്കായാണ് പലവഴികള്‍ നോക്കിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് വ്യാപാരിയെ തട്ടികൊണ്ടുപോകാൻ പദ്ധതിയിട്ടത്. സംഭവദിവസം വൈകിട്ട് മുതല്‍ തന്നെ പ്രതികള്‍ കാട്ടാക്കട തമ്ബടിച്ചു. മുജീബ് കടയടച്ച്‌ ഇറങ്ങാന്‍ ആരംഭിച്ചപ്പോള്‍ സംഘം പൂവച്ചല്‍ ഭാഗത്തേക്ക് തിരിച്ചു. പൂവച്ചല്‍ എത്തിയപ്പോള്‍ വാഹന പരിശോധന തുടങ്ങി. മുജീബിനെ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കാറിലുള്ള പണം തട്ടിയെടുക്കുക, തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും ലക്ഷ്യം പാളുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

പിടിയിലായ പൊലീസുകാരുടെ സുഹൃത്താണ് ആംബുലൻസ് ഡ്രൈവര്‍ അരുണ്‍. ഇയാള്‍ക്കും പൊലീസുകാര്‍ പണം നല്‍കാനുണ്ട്. തട്ടിപ്പില്‍ സഹായിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്ന പ്രലോഭനത്തില്‍ ഇയാളും കൃത്യത്തില്‍ പങ്കുചേരുകയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയായാലേ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. പ്രതികളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!