വർക്കല : നാലാഴ്ച പിന്നിട്ട പാരിപ്പള്ളി – വർക്കല- ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് വിവിധ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചരിത്രപ്രാധാന്യവും, ഭൂമിശാസ്ത്രപരമായി ഒട്ടേറെ സവിശേഷതകളും കൊണ്ട് പ്രശസ്തമായ ശിവഗിരിയിലേക്കും, വർക്കല പാപനാശത്തേക്കുമുള്ള തീർത്ഥാടകരും വിനോദ സഞ്ചാരികളും ഉൾപ്പെടെയുള്ള പതിനായിരങ്ങളുടെ സുഗമമായ സഞ്ചാരത്തിന് മുക്കടയിൽ അടിപ്പാത അത്യാവശ്യമാണെന്നും അത് നേടിയെടുക്കുന്നതിന് ബന്ധപെട്ട ജനപ്രതിനിധികൾ അടിയന്തിരമായി ഇടപെട്ട് പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും വർക്കല നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷനും റോഡ് സംരക്ഷണ സമിതി വർക്കല മേഖലാ ചെയർമാനുമായ ശരണ്യാ സുരേഷ് ആവശ്യപ്പെട്ടു. വർക്കല- ശിവഗിരി റോഡ് സംരക്ഷണത്തിനായി ജൂൺ ആദ്യം മുതൽ മുക്കടയിൽ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമര ത്തിന് അനുഭാവമർപ്പിച്ച് വർക്കലയിലെ സാംസ്ക്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന സമരപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനെർട്ട് മുൻ ഡയറക്ടർ ഡോ. ജി. ജയരാജു അധ്യക്ഷത വഹിച്ചു.
ഷോണി ജി. ചിറവിള സ്വാഗതം പറഞ്ഞു. പനയറ ചിറയിൽ സാംസ്ക്കാരിക സമിതി, ചാവർകോട് കാറ്റാടിമുക്ക് ഗുരുമന്ദിര കമ്മിറ്റി എന്നീ സംഘടനകളും വെള്ളിയാഴ്ച നടന്ന സമരത്തിൽ പങ്കാളികളായി. ആർ സുലോചനൻ, പ്രദീപ് വെട്ടൂർ, വിമൽ കുമാർ, ജയൻ പനയറ, ജയദേവൻ ചാവർകോട്, നാസർ മുത്താന, ഗണേശ് കാറ്റാടിമുക്ക് തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ 1982 ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം തുടരും.