കഠിനംകുളം : കഠിനംകുളം മര്യനാടിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മത്സ്യ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് പിടികൂടി നശിപ്പിച്ചു. മത്തി, കൊഴിയാള ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചത്. ട്രോളിങ് നിയന്ത്രണ കാലയളവിൽ ചെറു മത്സ്യബന്ധനത്തിനെതിരെയുള്ള ശക്തമായ നടപടിക്ക് ഫിഷറീസ് വകുപ്പ് തുടക്കമിട്ടു.
സർക്കാർ ഉത്തരവ് പ്രകാരം മിനിമം വേണ്ട ലീഗൽ സൈസ് ഇല്ലാത്ത ഏകദേശം അഞ്ചൂറ് കിലോ മത്സ്യമാണ് പിടികൂടിയത്. വില്പനക്ക് ശേഷം വാഹനത്തിലേക്ക് മാറ്റിയ മത്സ്യമാണ് പിടികൂടിയത്. മത്സ്യവുമായുള്ള വള്ളം പിടികൂടാൻ ഉദ്യോഗസ്ഥർക്കായില്ല. ഇതോടെയാണ് പിടിച്ചെടുത്ത മത്സ്യം ഉദ്യോഗസ്ഥർ നശിപ്പിച്ചത്.
കൊഴി തീറ്റ നിർമ്മാണശാലയിലേക്ക് കൊണ്ടു പോകുന്നതിനായുള്ള 1.75 ലക്ഷം രൂപ വിലവരുന്ന മീനാണ് പിടികൂടിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ വഴി ചെറു മത്സ്യ ബന്ധനം വ്യാപകമാണെന്ന പരാതിയെ തുടർന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരിയുടെ നേതൃത്വത്തിൽ അസിഡൻ്റ് ഡയറക്ടർ ജയന്തി, ഫിഷറീസ് ഓഫീസർ സരിത എന്നിവടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു